തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൂരില്‍ കൊങ്ങന്‍പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് രണ്ടു യുവാക്കള്‍ മരിച്ചത്. പുത്തൂര്‍ കുരിശുംമൂല വാഴക്കാലയില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ രാഹുല്‍ കൃഷ്ണ (അപ്പു – 23), കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയില്‍ ജയന്‍ മകന്‍ ജിതിന്‍ (26) എന്നിവരാണ് മരിച്ചത്.
അര്‍ധരാത്രിയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തു നിന്നു വീട്ടിലേക്ക് പോവുകയായിരുന്ന രാഹുലിന്റെ ബൈക്കും വെട്ടുകാട് നിന്നു മടങ്ങുകയായിരുന്ന ജിതിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാഹുലിന്റെ ബൈക്കിനു പിന്നിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കുണ്ട്. രാഹുലിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലും ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കുന്നത്തങ്ങാടിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരിച്ചു. കാല്‍നട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോള്‍ മകന്‍ ഫ്രാന്‍സിസ് (48) ബൈക്ക് യാത്രക്കാരന്‍ തളിക്കുളം പുതിയ വീട്ടില്‍ കമാലുദ്ദീന്റെ മകന്‍ ബദറുദ്ദീന്‍ (53) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 4.30ന് കുന്നത്തങ്ങാടി സെന്ററിലാണ് അപകടം. തൃശൂര്‍ മീന്‍മാര്‍ക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീന്‍. ഇയാള്‍ ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ച ബൈക്ക് കാല്‍നട യാത്രക്കാരനായ ഫ്രാന്‍സിസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഫ്രാന്‍സിസിനെ മദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദറുദ്ദീന്‍ ദയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അന്തിക്കാട് പോലീസ് മേല്‍ നടപടി സ്വീകരിച്ചു.