ന്യൂയോര്‍ക്ക്: ആര്‍.എസ്.എസ് ഒരു ഭീകര സംഘടനയാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍. യുഎന്നിന്റെ സുരക്ഷാ സമിതിക്കു മുന്നിലാണ് പാകിസ്ഥാന്റെ പ്രതിനിധി മുനീര്‍ അക്രം ആവശ്യം ഉന്നയിച്ചത്.
ആര്‍എസ്എസ് പോലുള്ള തീവ്രദേശീയതാവാദ സംഘടനകള്‍ അന്താരാഷ്ട്രതലത്തില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഒരു വെല്ലുവിളിയാണ് എന്നും മുനീര്‍ അക്രം പറഞ്ഞു. അല്‍ ക്വയ്ദയും ഐസിസും പോലുള്ള ലോകത്തിലെ മറ്റു പല തീവ്രവാദ സംഘടനകളെയും നിരോധിച്ചത് പോലെ ആര്‍എസ്എസിനെയും ഉടനടി നിരോധിക്കണം എന്നാണ് സുരക്ഷാ സമിതിയില്‍ പാക് അംബാസഡര്‍ ആവശ്യപ്പെട്ടത്.
നേരത്തെ ആര്‍.എസ്.എസിനെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് അംബാസിഡര്‍ സംഘടനക്കെതിരെ തിരഞ്ഞത്. സംഘപരിവാറിന്റെ ആശയങ്ങള്‍ നാസികളില്‍ നിന്ന് പ്രേരിതമാണെന്ന് ഇമ്രാന്‍ ഖാന്‍ 2019ല്‍ ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ വംശീയനയങ്ങള്‍ ശ്രദ്ധിക്കണമെന്നും ലോകരാജ്യങ്ങളോട് ഇമ്രാന്‍ ഖാന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.