ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയില്‍ നിന്നു കോടികള്‍ തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിങ് ചൗതാലയെ കബളിപ്പിച്ച് മൂന്ന് കോടിയാണ് സംഘം തട്ടാന്‍ ശ്രമിച്ചത്. ജഗ്താര്‍ സിങ്, ഉപ്കാര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ കേസില്‍ ഇവരുടെ പങ്ക് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഡിസംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യയില്‍ നിരോധിച്ച ഒരു ആപ്പ് ഉപയോഗിച്ചാണ് സംഘം ഹരിയാന മന്ത്രിയെ വിളിച്ചത്.
കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള അമിത് ഷായുടെ വീട്ടിലെ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ നിന്നായിരുന്നു രഞ്ജിത് സിങ്ങിന് ആദ്യം കോള്‍ വന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് മൂന്നു കോടി നല്‍കണമെന്നായിരുന്നു വിളിച്ചവര്‍ ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി കോളുകള്‍ വന്നത് സംശയം ഉണര്‍ത്തിയതിനെത്തുടര്‍ന്ന് ഹരിയാന മന്ത്രി അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഇത്തരത്തില്‍ കോളുകള്‍ ചെയ്തിട്ടില്ലെന്ന മറുപടിയാണ് മന്ത്രിക്ക് ലഭിച്ചത്.
തുടര്‍ന്ന് ഡല്‍ഹി പോലീസില്‍ മന്ത്രി പരാതി നല്‍കുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചവരുമായി സംസാരിച്ച പോലീസ് ഹരിയാന ഭവന് സമീപത്ത് പണം വാങ്ങാന്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പണം കൈപ്പറ്റാന്‍ എത്തിയപ്പോഴാണ് ജഗ്താര്‍ സിങ് അറസ്റ്റിലാകുന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ വെള്ളിയാഴ്ച വൈകീട്ട് ചണ്ഡീഗഡില്‍ വെച്ച് ഉപ്കാര്‍ സിങ്ങും പിടിയിലാകുകയായിരിന്നു.
എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച ഹരിയാന മന്ത്രി രഞ്ജിത് സിങ് തനിക്ക് ഇത്തരത്തിലുള്ള കോളുകളൊന്നും ലഭിച്ചില്ലെന്നാണ് പറഞ്ഞത്. ആരും തന്നോട് പണം ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.