Home-bannerKeralaNewsRECENT POSTS

കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്ക് നേരെ ശക്തമായ പ്രതിഷേധം

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് പ്രസംഗം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ശക്തമായ പ്രതിഷേധം. ഉത്തരേന്ത്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഗവര്‍ണര്‍ക്കെതിരേ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി.

ഇതോടെ സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസുകാര്‍ ഇടപെട്ട് പ്രതിഷേധക്കാര്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തി. ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കെ.കെ.രാഗേഷ് എംപിയും സിപിഎം പ്രവര്‍ത്തകരും തടഞ്ഞു. ഇവര്‍ പോലീസുമായി രൂക്ഷമായ വാക്കേറ്റം നടത്തി.

ഒടുവില്‍ പ്രതിഷേധക്കാരെ പോലീസ് മോചിപ്പിച്ചു. നാടകീയ സംഭവങ്ങള്‍ക്കിടെ പ്രസംഗം തുടര്‍ന്ന ഗവര്‍ണര്‍ താന്‍ ആരുമായും ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ തയാറാണെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ശക്തമായ മുദ്രാവാക്യം തുടര്‍ന്നു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാരും ആരോപിച്ചു. ഒടുവില്‍ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ക്ക് മടങ്ങേണ്ടി വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button