വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ട് സ്ഥാനമൊഴിയുന്ന ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ ലേലത്തില്‍ വാങ്ങാനൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്സാണ് ലേലത്തിനായി ഓക്ഷന്‍സ് വെബ്സൈറ്റില്‍ എത്തിയിരിക്കുന്നത്.
മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) കാറിന് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വില. ട്രംപിന് വളരെ പ്രയപ്പെട്ട വാഹനം വാങ്ങുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും കാറിനോടൊപ്പം ലഭിക്കും. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് കാറാണിത്, ഏറ്റവും മികച്ച ഒന്ന്. ബെസ്റ്റ് ഓഫ് ലക്ക് ‘ എന്ന് എഴുതി ഒപ്പിട്ട മാനുവലാണ് നല്‍കുക.-ഇതാണ് ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കാനൊരുങ്ങുന്നത്.
2010 ലാണ് ട്രംപ് ഈ കാര്‍ സ്വന്തമാക്കിയത്. എന്നാല്‍ നിലവില്‍ കാര്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല. എല്ലാവിധ ആഡംബര സൗകര്യങ്ങളും അടങ്ങിയിട്ടുള്ള കാറില്‍ തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 56,700 മൈല്‍ (91,249 കിലോമീറ്റര്‍) ദൂരം വരെ കാര്‍ ഓടിയിട്ടുണ്ട്.
കരുത്തേറിയ 6.75 ലിറ്റര്‍ വി-12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.