കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ നിയമം നടപ്പിലാക്കില്ലെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൗരത്വം പോലെയുള്ള അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ലെന്നും പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നും മമത പറഞ്ഞു.
”ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കാന്‍ സമ്മതിക്കില്ല. രാജ്യം വിട്ടോ സംസ്ഥാനം വിട്ടോ ഒരാള്‍ക്ക് പോലും പോകേണ്ടി വരില്ല. ബംഗാളില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ല. മമത ബാനര്‍ജി വ്യക്തമാക്കി.”
ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കും എതിരെ ബംഗാളില്‍ വന്‍പ്രതിഷേധമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ചിരിക്കുന്നത്. തടങ്കല്‍ പാളയങ്ങളെ സംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ വാഗ്വാദത്തിന് മറുപടി പറയുകയായിരുന്നു മമത.