കൊച്ചി: കൊച്ചിയില്‍ നടന്ന കലാ-സാംസ്കാരിക പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നാരോപിച്ച് കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സംവിധായകന് കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന് നിഗം, നിമിഷ സജയന്, ഗീതു മോഹന്‍ദാസ്, എന്‍ എസ് മാധവന്, ഷഹബാസ് അമന് തുടങ്ങി നിരവധി പേര് പങ്കെടുത്ത പരിപാടിയില്‍ കുട്ടികളും അണിനിരന്നിരുന്നു. രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിച്ചത്.
ചലച്ചിത്ര താരങ്ങളുടെ പ്രതിഷേധത്തിനെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
പ്രതിഷേധിച്ചവര്‍ക്ക് രാജ്യ സ്നേഹമില്ലെന്നാണ് ബിജെപിയുടെ വാദം. സിനിമാക്കാര് പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരന് വ്യക്തമാക്കി. ഇവര്‍ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഇന്‍കം ടാക്സും ഇഡിയും വീട്ടില്‍ കയറി ഇറങ്ങുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.