കോട്ടയം:ഭരണം തുടങ്ങി ദിവസങ്ങൾക്കുളളിൽ പാലാ നഗരസഭയിൽ സിപിഎം കേരളകോണ്‍ഗ്രസ് പോര്. മാണി സി കാപ്പന്റെ അച്ഛൻ ചെറിയാൻ ജെ കാപ്പന്റെ പേരിലുളള സ്മാരകത്തിനോട് ചേർന്ന് മൂത്രപ്പുര തുറക്കാൻ ജോസ് പക്ഷത്തെ ചെയമാൻ ഏകപക്ഷീയമായി തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ചെറിയാൻ ജെ കാപ്പനെ അപമാനിക്കാനുള്ള ശ്രമമെന്ന് സിപിഎം.
മുനിസിപ്പാലിറ്റിയ്ക്ക് കീഴിലുളള സിന്തറ്റിക്ക് ട്രാക്കോടു കൂടിയുളള സ്റ്റേഡിയത്തിന്റെ കവാടമാണ് മുൻ എംപിയും സ്വാതന്ത്ര സമര സേനാനിയുമായി ചെറിയാൻ ജെ കാപ്പന്റെ സ്മാരകം. കവാടത്തോട് ചേർന്ന കായിക താരങ്ങൾക്കായി നിർമ്മിച്ച് മൂത്രപ്പുര കൗണ്‍സിൽ കൂടാതെ കേരള കോണ്‍ഗ്രസ് പക്ഷത്തെ ചെയർമാനായ ആന്റോ ജോസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇത് സിപിഎം അംഗങ്ങളെ ചൊടിപ്പിച്ചു. സ്വാതന്ത്ര സംര സേനാനിയും മുൻ എംപിയുമായ ചെറിയാൻ ജെ കാപ്പനെ അപമാനിക്കാനാണ് ആന്റോ ജോസിന്റെ ശ്രമമെന്ന് സിപിഎം പരസ്യമായി തുറന്നടിച്ചു.
എന്നാൽ ഇത്ര ചെറിയ കാര്യങ്ങളൊന്നും കൗണ്‍സിൽ കൂടി തീരുമാനിക്കേണ്ടതില്ലെന്നും താത്കാകലികമായി മാത്രമാണ് മൂത്രപ്പുര തുറന്ന് കൊടുത്തതെന്നും ആന്റോ ജോസ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പിന്തുണയോടെ ജില്ലയിൽ മികച്ച് മുന്നേറ്റം നടത്തിയ എൽഡിഎഫിന് പാലയിലെ ഈ കല്ലുകടി വരും ദിവസങ്ങളിലും തലവേദനയാക്കും.