കോട്ടയം:കൈക്കൂലി വാങ്ങുന്നത് പുരുഷന്‍മാരുടെ കുത്തകയാണെന്നാണ് വയ്പ്പ്.എന്നാല്‍ ഒരു മടിയുമില്ലാതെ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങുന്ന ഉദ്യോഗസ്ഥമാരെ കാണണമെങ്കില്‍ കോട്ടയം നഗരസഭയിലേക്ക് എത്തണം.ഒരു മാസത്തിനിടെ രണ്ടാമത്തെ ജീവനക്കാരിയെയാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടികൂടിയത്.നാട്ടകം സോണല്‍ ഓഫീസിലെ സരസ്വതിയെ ആണ് നേരത്തെ പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ 16 നാണ നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഡെയ്‌സിയുടെ കൈക്കൂലി കേസില്‍ പ്രതിയാകുന്നതിനുള്ള സംഭവങ്ങള്‍ തുടങ്ങിയത്.തന്റ് സ്ഥലത്തിനു നേരെ അയല്‍വാസി വഴി ഉയര്‍ത്തിക്കെട്ടുന്നുവെന്ന പരാതിയുമായി ചാലുകുന്ന് സ്വദേശി നഗരസഭയിലെത്തി.പരാതിയില്‍ പരിശോധന നടത്താന്‍ നിയോഗിയ്ക്കപ്പെട്ട ഡെയ്‌സി നടപടിയെടുക്കണമെങ്കില്‍ കൈക്കൂലിയാവശ്യപ്പെട്ടു.പരിശോധനയ്‌ക്കെത്തിയപ്പോള്‍ അഞ്ഞൂറു രൂപ നല്‍കുകയും ചെയ്തു.എന്നാല്‍ തുടര്‍ നടപടികള്‍ക്ക് നിരക്ക് കൂട്ടി അയ്യായിരമാക്കി.
പണം നല്‍കാതെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങില്ലെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. എസ്.പി വി.ജി വിനോദ്കുമാറിനെ നിര്‍ദേശാനുസരണം ഡിവൈഎസ്.പി എസ്.സുരേഷ്‌കുമാറിന്റെയും സി.ഐമാരായ എ.ജെ തോമസിന്റെയും, റിജോ പി.ജോസഫിന്റെയും വി . എ നിഷാദ് മോന്റെയും നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.
ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് പരാതിക്കാരന്റെ കൈവശം കൊടുത്തുവിട്ടു. തിങ്കളാഴ്ച ഉച്ചയോടെ നഗരസഭ ഓഫിസില്‍ എത്തിയ പരാതിക്കാരന്‍ ഡെയ്സിയ്ക്ക് 2000 രൂപ നല്‍കി. എന്നാല്‍, കയ്യില്‍ പണം വാങ്ങാന്‍ തയ്യാറാകാതിരുന്ന ഇവര്‍ മേശയിലേയ്ക്കാണ് പണം ഇടുവിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം പിന്നാലെ കയറി ഇവരെ പിടികൂടുകയായിരുന്നു.
ഇവരുടെ കയ്യില്‍ നിന്നും വിജിലന്‍സ് സംഘം പരാതിക്കാരന് നല്‍കിയ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഗസറ്റഡ് ഓഫിസര്‍മാരായ സ്റ്റേറ്റ് ടാക്സ് ഓഫിസര്‍ ബിജുകുമാര്‍, ജില്ലാ ഉപവിദ്യാഭ്യാസ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡെയ്സിയെ കുടുക്കിയത്.