കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് കുടുംബം അറിയിച്ചു.
അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കണ്ണൂര്‍ എസ്പി മൊയ്തീന് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങുന്നതോടെ ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും.
കേരള പര്യടനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് എത്തിയ ഘട്ടത്തിലാണ് അബ്ദുള്‍ റഹ്മാന്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി റഹ്മാന്റെ അമ്മാവന് ഹുസൈന് മുസ്ലിയാര് പറഞ്ഞു.
കല്ലൂരാവിയിലെ വീട്ടിലെത്തിയ മന്ത്രി കെ ടി ജലീല്‍ കൊലക്ക് പിന്നില്‍ രാഷ്ട്രീയവും സാമുദായികവുമായ പകയാണെന്ന് ആരോപിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു. ജലീലിന് പിന്നാലെ മുനവറലി ശിഹാബ് തങ്ങള്‍ റഹ്മാന്റെ വീട്ടിലെത്തി. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പ്രദേശവാസികള്‍ റഹ്മാന്റെ വീട്ടിലേക്ക് കടത്തിവിട്ടില്ല. കൊലപാതകത്തെ അപലപിച്ച മുനവറലി ശിഹാബ് തങ്ങള്‍ സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകം നടന്ന കല്ലൂരാവിയിലും മുണ്ടത്തോടും സ്ഥിതിഗതികള്‍ ശാന്തമാണ്.