തിരുവനന്തപുരം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കു ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) അര മണിക്കൂറാക്കാന്‍ ധാരണ. കഴിഞ്ഞ വര്‍ഷം 15 മിനിറ്റായിരുന്നു അനുവദിച്ചിരുന്നത്. അഭിരുചിക്കനുസരിച്ച് ഉത്തരം എഴുതാന്‍ ഓപ്ഷന്‍ അനുവദിക്കുന്നതിനാല്‍ ചോദ്യങ്ങളുടെ എണ്ണം കൂടും. ഇതു വായിച്ചു മനസ്സിലാക്കാനാണു സമാശ്വാസ സമയം ദീര്‍ഘിപ്പിക്കുന്നത്.
അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. മാര്‍ച്ച് 17 മുതല്‍ 30 വരെയാണു പരീക്ഷകള്‍. മന്ത്രി സി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു പൊതുമാനദണ്ഡങ്ങളെക്കുറിച്ചു തീരുമാനം എടുത്തത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്സിആര്‍ടി ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ എഴുത്തു പരീക്ഷയ്ക്കുശേഷമേ പ്രായോഗിക പരീക്ഷ നടത്താവൂ. എഴുത്തു പരീക്ഷയ്ക്കുശേഷം പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ ചുരുങ്ങിയത് ഒരാഴ്ച സമയം അനുവദിക്കണം.
മറ്റു നിര്‍ദേശങ്ങള്‍:
കോവിഡ് സാഹചര്യത്തില്‍ എല്ലാ പാഠഭാഗങ്ങളും വിഡിയോ മൊഡ്യൂളിലൂടെ കുട്ടികളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനുവരി 31നകം പൂര്‍ത്തിയാക്കണം.
ജനുവരി ഒന്നു മുതല്‍ 16 വരെ 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ഷിഫ്ട് അടിസ്ഥാനത്തില്‍ ക്ലാസ് എടുക്കണം. രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണു കുട്ടികളെ ക്ലാസില്‍ പങ്കെടുപ്പിക്കേണ്ടത്.
ക്ലാസ് റൂമുകളില്‍ പഠിപ്പിക്കുമ്പോള്‍ ഏതൊക്കെ പാഠഭാഗങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നു 31നകം സ്‌കൂള്‍ അധികൃതരെ അറിയിക്കും. ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തണം.
മോഡല്‍ പരീക്ഷ നടത്തും. ഒപ്പം, മാതൃക ചോദ്യപേപ്പറുകള്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
സ്‌കൂള്‍ പ്രവര്‍ത്തനവും പരീക്ഷയും സംബന്ധിച്ചു രക്ഷിതാക്കള്‍ക്കു കൃത്യമായ ധാരണ ലഭിക്കാന്‍ ക്ലാസ് അടിസ്ഥാനത്തില്‍ രക്ഷിതാക്കളുടെ യോഗം വിളിക്കണം. ഈ യോഗത്തില്‍ മന്ത്രി രവീന്ദ്രനാഥിന്റെ സന്ദേശം രക്ഷിതാക്കള്‍ക്കു കേള്‍ക്കാനുള്ള സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഒരുക്കണം.
നിരന്തര വിലയിരുത്തലിനു വിഷയാടിസ്ഥാനത്തില്‍ ലളിതവും പ്രയോഗികവുമായ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കണം.
വിഡിയോ ക്ലാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, അതിന്റെ ഭാഗമായുള്ള പഠനത്തെളിവുകള്‍ (ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകള്‍, ഉല്‍പന്നങ്ങള്‍, മറ്റു പ്രകടനങ്ങള്‍), യൂണിറ്റ് വിലയിരുത്തലുകള്‍ (2 എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തര വിലയിരുത്തലിന്റെ ഭാഗമായ സ്‌കോറുകള്‍ നല്‍കുന്നതിനു പരിഗണിക്കാം.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പിന്തുണ ആവശ്യമുള്ളതിനാല്‍ അതിനുവേണ്ടി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.