വാഗമണ്‍: വാഗമണ്ണില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തും. കണ്ണൂര്‍ സ്വദേശിയായ അനസ് സൂക്കാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. അനസിന്റെ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തില്‍ അനസ് സൂക്കിനെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
വാഗമണ്ണില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജന്മദിനാഘോഷത്തിന്റെ മറവിലായിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് വേണ്ടി എന്ന വ്യാജേന വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ 11 മുറികള്‍ സംഘം ബുക്ക് ചെയ്തു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിശാപാര്‍ട്ടി നടത്താനുള്ള എല്ലാ അസൂത്രണവും ഇക്കൂട്ടര്‍ ചെയ്തിരുന്നു.
തുടര്‍ന്നാണ് ലഹരി ആഘോഷരാവില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് പുറമെ 58 പേര്‍ റിസോര്‍ട്ടിലേക്ക് എത്തിയത്. പത്ത് മണിയോടെ പാര്‍ട്ടി ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ നര്‍കോട്ടിക്ക് മിന്നല്‍ പരിശോധനയില്‍ നിശാപാര്‍ട്ടി സംഘത്തിന് മേല്‍ പിടിവീണു. എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.
പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജ്മല്‍, മെഹര്‍ ഷെറിന്‍, നബീല്‍, സല്‍മന്‍ ഷൗക്കത്ത്, മുഹമ്മദ് റഷീദ്, നിഷാദ്, ബ്രസ്റ്റി വിശ്വാസ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരാണ് ലഹരിമരുന്ന് പാര്‍ട്ടിയുടെ സംഘടകര്‍. മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. നിശാപാര്‍ട്ടിയുടെ അന്വേഷണം സംസ്ഥാന വ്യാപകമായി നടത്താനാണ് പൊലീസ് തീരുമാനം.