‘നമുക്ക് വളരാം നന്നായി വളര്‍ത്താം’ എന്ന ക്യാംപെയിന്റെ ഭാഗമായി കുട്ടികളെ എങ്ങനെ വളര്‍ത്തണം, അവരോട് പറയേണ്ടതും പറയാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂര്‍ണിമയും. വനിത ശിശുക്ഷേമ വകുപ്പും യുനിസെഫും ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ഇരുവരും വിഡിയോയില്‍ അണിനിരന്നത്.
കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങളെ കുറിച്ച് പറയാനാണ് തങ്ങള്‍ എത്തിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. അത്തരത്തിലുള്ള വാക്കുകള്‍ ചൂണ്ടിക്കാട്ടി ഇന്ദ്രജിത്തും പൂര്‍ണിമയും അത് കുട്ടികളെ മാനസികമായി മുറിപ്പെടുത്തുമെന്ന് പറയുന്നു. നിസാര കാര്യത്തിന് വഴക്കു പറയുന്നതും കുത്തുവാക്കുകളും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും.
കുട്ടികളോട് കള്ളം പറയുകയോ, കള്ളത്തരത്തിന് കൂടെ കൂട്ടുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ പിന്നീട് കൂടുതല്‍ കള്ളങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് അത് പ്രേരണയാകും. കുട്ടികളുടെ മുന്നില്‍വച്ച് വഴക്കിടുകയോ, മോശം വാക്കുകള്‍ പറയുകയോ അരുത്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വേണം കുട്ടികളെ വളര്‍ത്താന്‍. കുട്ടികള്‍ക്ക് വേണ്ടി സമയം മാറ്റിവച്ച്, അവരെ ചേര്‍ത്ത് പിടിച്ചുവേണം വളര്‍ത്താന്‍ എന്ന് പറഞ്ഞുകൊണ്ടോണ് വിഡിയോ അവസാനിക്കുന്നത്.