24.6 C
Kottayam
Sunday, May 19, 2024

ഒളിച്ചോടിയ ബി.ജെ.പി വനിതാ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 38 വോട്ട്

Must read

കണ്ണൂര്‍: പ്രചാരണത്തിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിത സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണചൂടിനിടെ ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകള്‍ നേടിയ സി.പി.എമ്മിലെ രേഷ്മ സജീവന്‍ വിജയിച്ചു. കോണ്‍ഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകള്‍ നേടി.

പ്രചരണത്തിനിടെ നാടുവിട്ട യുവതി പിന്നീട് കാസര്‍കോട് ബേഡകത്തെ കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്പത്യത്തിലേക്ക് കടന്നിരുന്നു. യുവതിയുടെ ഭര്‍ത്താവ് മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കിയാണ് യുവതി കാമുകനൊപ്പം കാസര്‍കോട്ടേക്ക് കടന്നത്. ബേഡഡുക്ക സി.പി.എം കോട്ടയിലെ അരിച്ചെപ്പ് സ്വദേശിക്കൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകന്റെ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്. അമ്മ പാര്‍ട്ടി അംഗമാണ്.

ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പോലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുയായിരുന്നു. അതിനിടെ യുവതിയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത ബി.ജെ.പി കേന്ദ്രങ്ങളില്‍ കനത്ത ആഘാതവും നാണക്കേടും ഉണ്ടാക്കിയിരുന്നു. വോട്ട് തേടി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരിന്നു നേതാക്കളും പ്രവര്‍ത്തകരും. സ്ഥാനാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് യുവതി ബേഡകത്തെ സി.പി.എം കോട്ടയില്‍ എത്തിയ വിവരം കിട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week