കൊച്ചി: ഫ്ളാറ്റില്‍ നിന്ന് വീണ് തമിഴ്നാട് സ്വദേശിനി മരിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കള്‍. അതേസമയം, ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ് ഒളിവില്‍ പോയി. കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി കുമാരിയ്ക്ക് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമാരി ഇന്ന് പുലര്‍ച്ചെയാണ് മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പരാതി ഉന്നയിച്ച ബന്ധുക്കള്‍ നിലവില്‍ പരാതിയില്ലെന്നാണ് പോലീസിനെ അറിയിച്ചത്.
ഫ്‌ളാറ്റിലെ ആറാം നിലയില്‍ താമസിക്കുന്ന അഡ്വ. ഇംത്യാസ് അലിയുടെ വീട്ടുജോലിക്കാരി കുമാരിയെ താഴെയുള്ള കാര്‍പോര്‍ച്ചിനു മുകളില്‍വീണു പരുക്കേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആറാം നിലയില്‍ നിന്നു താഴേക്ക് രണ്ടു സാരികള്‍ കൂട്ടിച്ചേര്‍ത്ത് കെട്ടിയിട്ടതു കണ്ടതോടെയാണ് അപകടത്തില്‍ ദുരൂഹത വര്‍ധിച്ചത്.
പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലേക്കാണു വീണത്. എറണാകുളം ക്ലബ് റോഡിലെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്കു നീക്കി. പിന്നീട് ലേക്ഷോര്‍ ആശുപത്രിയിലേക്കു മാറ്റി. ആറാം നിലയുടെ ബാല്‍ക്കണിയില്‍നിന്നു 2 സാരി കൂട്ടിക്കെട്ടി താഴേക്കിട്ട് ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു കരുതുന്നത്. ജോലിക്കാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നു പോലീസും പറയുന്നു.