കാഞ്ഞങ്ങാട്: പരാതികൾക്കും പരിഭവങ്ങൾക്കും ഇടം കൊടുക്കാതെ കുറ്റമറ്റ നിലയിലുള്ള നടത്തിപ്പിന്റെ എ പ്ലസ് ഗ്രേഡുമായി പ്രോഗ്രാം കമ്മിറ്റി. അറുപതാമത് കേരള സ്കൂൾ കലോത്സവത്തിന് ഞായറാഴ്ച കാഞ്ഞങ്ങാട്ട് കൊടിയിറങ്ങുമ്പോൾ മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയാകെയും കയ്യടി നേടുകയാണ് പ്രോഗ്രാം കമ്മിറ്റി. കലോത്സവത്തിൽ സമയകൃത്യത കൊണ്ടും സംഘാടനമേൻമയാലും 28 വേദികളെയും സജീവമാക്കിയാണ് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഈ കമ്മിറ്റിക്ക് സാധിച്ചത്. ഓരോ വേദികളിലെയും പരിപാടികളുടെ സ്റ്റാറ്റസ് അനുനിമിഷം കൈമാറിയും പ്രശ്നങ്ങളോ പ്രയാസങ്ങളോ അനുഭവപ്പെട്ടാൽ സെക്കന്റുകൾക്കകം പ്രോഗ്രാം ഓഫീസിൽ അറിയിച്ച് ശരവേഗതയിൽ പ്രശ്ന പരിഹരണം സാധ്യമാക്കിയുമായിരുന്നു പ്രവർത്തനങ്ങൾ.
ആകെയുള്ള 28 വേദികളിലായി ഓരോ ദിവസവും 75 ഓളം ഇനങ്ങളായിരുന്നു അരങ്ങിലെത്തിയത്. മത്സരങ്ങളുടെ വിധികർത്താക്കളായി രണ്ട് ഷിഫ്റ്റുകളിൽ 1260 ഒഫീഷ്യലുകൾ. രാവിലെ ഒൻപത്, ഒൻപതരയ്ക്ക് തന്നെ ഓരോ വേദികളിലും മത്സരങ്ങൾക്ക് തുടക്കം. ഇത്തവണത്തെ കലോത്സവങ്ങൾക്ക് പ്രത്യേകതകൾ ഏറെയായിരുന്നു. വേദികളും പ്രോഗ്രാം കമ്മിറ്റി ഓഫീസും തമ്മിൽ കിലോമീറ്ററുകളുടെ അകലമുണ്ടായിരുന്നെങ്കിലും ഈ അകലം സംഘാടന മികവിനെ തെല്ലും ബാധിച്ചേയില്ല. കഴിഞ്ഞവർഷം അപ്പീൽ വഴി എത്തിയവർ 601 പേരായിരുന്നു. ശനിയാഴ്ച വരെ അപ്പീൽകാരുടെ എണ്ണം 631ആയി. അപ്പീൽ എൻട്രികൾ വേഗതയോടെ ചെയ്യാൻ 10 അംഗ ഐ.ടി സെല്ലും ജാഗരൂകരായി രംഗത്തുണ്ടായിരുന്നു.
ഇത്തവണ അപ്പീൽ വഴി എത്തിയ മത്സരാർത്ഥികളുടെ എണ്ണം 3500 ആയിരുന്നുവെന്നത് മറ്റൊരു സവിശേഷതയായിരുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മിഴിവേകാൻ കൈറ്റിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. മത്സരഫലം അതാത് വേദികളിൽ വെച്ചു തന്നെ അപ്‌ലോഡ് ചെയ്യാനുള്ള പ്രവർത്തനത്തിന് പ്രോഗ്രാം കമ്മിറ്റിയിലെ 100 പേർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. കഴിഞ്ഞ ഒന്നരമാസക്കാലമായി കാസർകോട്ടേക്കെത്തുന്ന കലാമേളയെ കുറ്റമറ്റതും മികവുറ്റതുമാക്കിത്തീർക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ: വി.പി.പി മുസ്തഫ ചെയർമാനും കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ കൺവീനറുമായ പ്രോഗ്രാം കമ്മിറ്റി ചിട്ടയായ പ്രവർത്തനങ്ങളുടെ പാതയിലായിരുന്നു.
മത്സര ഫലമന്വേഷിച്ച് ആർക്കും ആരെയും തിരയേണ്ട പ്രയാസം ഇത്തവണത്തെ കലോത്സവത്തിനുണ്ടായിരുന്നില്ല. ആധുനിക സാങ്കേതിക വിദ്യകളെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം കമ്മിറ്റി മികവിന്റെ ഉയരങ്ങൾ കീഴടക്കിയത്. ഓരോ മത്സരവേദിയിലും വെച്ചു തന്നെ മത്സര നില തത്സമയം അറിയാനും മത്സരഫലങ്ങൾ അപ്പപ്പോൾ അപ്ലോഡ് ചെയ്യാനും പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ഓരോരുത്തരുടെയും കയ്യിലുള്ള മൊബൈൽ ഫോണുകളിൽ മത്സരഫലം ലഭ്യമാക്കാനും കൈറ്റിന്റെ സഹായത്തോടെ സാധിച്ചു. 28 വേദികളിലും പ്രത്യേക നെറ്റ് വർക്ക് സൗകര്യം ഏർപ്പെടുത്താതെ തന്നെ മൊബൈൽ കണക്റ്റിവിറ്റിയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനായി.
നെറ്റ് കണക്ഷൻ ഓരോ വേദിയിലേക്കും എടുത്തിരുന്നുവെങ്കിൽ പ്രോഗ്രാം കമ്മിറ്റിക്ക് ലക്ഷങ്ങളുടെ പാഴ്ചെലവ് ഉണ്ടാകുമായിരുന്നു. ഫലങ്ങൾ തത്സമയം അറിയാൻ പൂമരം മൊബൈൽ ആപ്പും കലോത്സവ വെബ്സൈറ്റും സജ്ജമായിരുന്നു. മത്സര ഫലങ്ങൾ തത്സമയം ലഭ്യമാക്കാൻ 5 വേദികളിൽ വിക്ടേഴ്സ് ചാനലിനെയും ഒരുക്കി നിർത്തി. അതോടൊപ്പം മൂന്ന് പ്രധാന വേദികൾക്കു മുന്നിലും മത്സര ഫലങ്ങൾ അറിയിച്ചു കൊണ്ടുള്ള ഡിജിറ്റൽ വാളുകളും ഇടം പിടിച്ചിരുന്നു. പ്രോഗ്രാം കമ്മിറ്റിയിലെ നൂറോളം ഐ.ടി പ്രാവീണ്യം തെളിയിച്ച അധ്യാപകരും കൈറ്റ് ഐ.ടി സെല്ലിലെ ഇരുപതോളം അധ്യാപകരും ചേർന്നാണ് പ്രോഗ്രാം കമ്മിറ്റിയെ മികവിന്റെ പര്യായ ശബ്ദമാക്കിത്തീർത്തത്. ഐ.ടി വിഭാഗത്തെ നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർമാരും ജില്ലാ കോ-ഓർഡിനേറ്റർ എം.പി രാജേഷായിരുന്നു.