KeralaNews

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019ല്‍ പുതുക്കി നിശ്ചയിച്ച വൈദ്യുതി നിരക്കിന് മാര്‍ച്ച് 31വരെയായിരുന്നു പ്രാബല്യം. കൊവിഡ് പശ്ചാത്തലത്തില്‍ പുതുക്കി നിശ്ചയിക്കാതെ നിലവിലുള്ളത് തുടരുകയായിരുന്നു.

ഇതര സംസ്ഥാനത്തു നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്റി കമ്മീഷന്‍ വര്‍ധിപ്പിച്ചതു കാരണമുള്ള വര്‍ധന, ഇന്ധന സര്‍ചാര്‍ജ് ഇനത്തിലുള്ള വര്‍ധന, വൈദ്യുതി ബോര്‍ഡ് വരവു ചെലവു കണക്കാക്കി നഷ്ടം നികത്തുന്നതിനുള്ള പതിവു നിരക്ക് വര്‍ധന എന്നിങ്ങനെ മൂന്ന് തരത്തിലുള്ള നിരക്കുകളും ചേര്‍ത്താണ് പുതിയ വൈദ്യുതി നിരക്ക് നിശ്ചയിക്കുക. വൈദ്യുതി ബോര്‍ഡ് ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകള്‍ വിലയിരുത്തിയ ശേഷമാണ് നിരക്ക് നിശ്ചയിക്കുന്നത്.

2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സര്‍ചാര്‍ജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുകയാണ്. സര്‍ചാര്‍ജ് പിരിച്ചെടുത്തു കഴിയുമ്‌ബോഴേക്കും വൈദ്യുതി ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ വ്യക്തത വരുമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിന് 10 പൈസ, ജനുവരി മുതല്‍ മാര്‍ച്ച് വരെ 11 പൈസ, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസ എന്നിങ്ങനെ സര്‍ചാര്‍ജ് ഈടാക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നഷ്ടം നികത്താന്‍ യൂണിറ്റിന് ആറ് പൈസ വീതം സര്‍ചാര്‍ജ് പിരിച്ചു നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനത്തു നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വര്‍ധിപ്പിച്ചതു കാരണം വൈദ്യുത ചാര്‍ജില്‍ യൂണിറ്റിന് 25 മുതല്‍ 50 പൈസയുടെ വരെ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്ര റഗുലേറ്ററി കമ്മീഷന്റെ തീരുമാനമായതിനാല്‍ സംസ്ഥാന കമ്മീഷന് വര്‍ധന നടപ്പാക്കണം. എത്ര പൈസ വീതം ഏതൊക്കെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മീഷനാണെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button