തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. സമീപകാലത്തെ കൊവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന് മന്ത്രി അറിയിച്ചു.
ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരാനിടയുള്ള 60 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണമെന്ന് പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് എത്രയും വേഗം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. സ്ഥാപനങ്ങളില്‍ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.