തിരുവനന്തപുരം: ഇക്കൊല്ലം മലചവിട്ടാന്‍ 319 യുവതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പോലീസിന്റെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത യുവതികളുടെ കണക്കാണിത്. 15 മുതല്‍ 45 വയസു വരെ പ്രായമുള്ള യുവതികള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
കേരളത്തില്‍ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. വിര്‍ച്വല്‍ ക്യൂവില്‍ പേര് ചേര്‍ക്കാനായി വെബ്‌സൈറ്റില്‍ പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ നിന്നാണ് ഇതുവരെ 15 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള 319 സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നുവെന്ന വിവരം പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. സുപ്രീം കോടതിയുടെ പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികളെ അനുവദിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് എജി നിയമോപദേശം നല്‍കിയിരുന്നു. ഈ മണ്ഡലകാലത്ത് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെയും നിലപാട്.
അതേസമയം, രജിസ്റ്റര്‍ ചെയ്ത യുവതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആന്ധ്രാ സ്വദേശികള്‍ ആണ്. 160 പേര്‍. തമിഴ്‌നാട്ടില്‍ നിന്ന് 139 പേരും കര്‍ണാടകയില്‍ നിന്ന് 9 യുവതികളും ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്ന് 8 പേരും ഒഡിഷയില്‍ നിന്ന് മൂന്ന് പേരും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേരളത്തില്‍ നിന്ന് ഇതുവരെ ഒരു യുവതിയും ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.