ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി. കെ ശശികല ഉടന്‍ ജയില്‍ മോചിതയായേക്കും. തടവുശിക്ഷയ്ക്കൊപ്പം വിധിച്ച പിഴത്തുകയായ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകന് ബംഗളൂരു പ്രത്യേക കോടതിയില്‍ നല്കി.
സുപ്രീം കോടതി വിധിച്ച പിഴത്തുക അടച്ചാല്‍ 2021 ജനുവരി 27 ന് ശശികലയ്ക്ക് ജയില്മോചിതയാകാമെന്ന് ജയില്‍ സൂപ്രണ്ട് ആര്. ലത നേരത്തേ അറിയിച്ചിരുന്നു. പിഴത്തുക അടയ്ക്കാത്തപക്ഷം 2022 ഫെബ്രുവരി 27 വരെ ശശികല ജയിലില്‍ തുടരേണ്ടി വരുമെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പിഴയടയ്ക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശശികല ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.