പൂനെ: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ കേസെടുത്തു. കുട്ടിയുടെ അച്ഛനമ്മമാര്‍ നിയമപരമായി വിവാഹ മോചനം നേടിയവരാണ്. അതിനാല്‍ എട്ടുവയസുകാരിയായ മകളെ അച്ഛനമ്മമാരുടെ അടുത്ത് മാറിമാറി നില്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലയളവിലാണ് തന്റെ മുന്‍ ഭര്‍ത്താവ് മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. അമ്മയുടെ പരാതിയില്‍ ദത്താവഡി പോലീസ് സ്റ്റേഷനിലാണ്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2004ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. 2012ല്‍ ആണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടാകുന്നത്.യുവതിക്ക് സ്വര്‍ണ്ണ പണിയും ഭര്‍ത്താവിന് ഒരു സ്വകാര്യ കമ്പനിയിലുമായിരുന്നു ജോലി. മകള്‍ ജനിച്ച് അഞ്ചു വര്‍ങ്ങള്‍ക്കുശേഷം ഇരുവരും വിവാഹ മോചന ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. കേസില്‍ വാദത്തിനിടെ മകളെ ആദ്യത്തേയും മൂന്നാമത്തേയും ശനിയാഴ്ച്ച അച്ഛന്റെ കൂടെ അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ തന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ യുവതി കുട്ടിയെ ഭര്‍ത്താവിനൊപ്പം അയക്കുകയും എല്ലാ ദിവസവും യുവതി മകളെ കാണാന്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു.
2019ല്‍ ഇവര്‍ക്ക് കോടതി വിവാഹ മോചനം നല്‍കി. അതിനുശേഷം മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ യുവതി കുട്ടിയുമായി ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തുന്നത്. സംഭവത്തിനു ശേഷം കുട്ടി വളരെ ഭയന്നിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി പരാതിയുമായി നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇരയായ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണെന്നും പതാവിനെതിരെ പോക്സൊ കേസ് ചുമത്തിയിട്ടുണ്ടെന്നും എ. എസ്. ഐ. ആരതി ഖേത്മാലിസ് പറയുന്നു.