കോട്ടയം: താഴത്തങ്ങാടി കൊലക്കേസ് വിചാരണക്കിടെ വിചിത്ര വാദവുമായി പ്രോസിക്യൂഷന്‍. കൊലപാതകം നടന്ന വീട്ടിലേക്കു പ്രതി ബിലാല്‍ കയറുന്നതും, പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതുമായ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന യഥാര്‍ഥ ഡിവിആറില്‍ നിന്നും നശിച്ചു പോയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രതിയായ മുഹമ്മദ് ബിലാലിന്റെ അഭിഭാഷകനു സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ നല്‍കണമെന്നു കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു പ്രോസിക്യൂഷനോടു ആവശ്യപ്പെട്ടപ്പോഴാണു പ്രോസിക്യൂഷന്‍ കോടതിയില്‍ വിചിത്ര വാദം ഉയര്‍ത്തിയത്.
കഴിഞ്ഞ ജൂണ്‍ ഒന്നിനാണു താഴത്തങ്ങാടിയില്‍ മുഹമ്മദ് സാലിയെയും (67) ഭാര്യ ഷീബയെയും (60) കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ അയല്‍വാസിയായിരുന്ന വേളൂര്‍ മാലിയില്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെ (23) പോലീസ് അറസ്റ്റു ചെയ്തത്. കോട്ടയം വെസ്റ്റ് പോലീസാണു മുഹമ്മദ് ബിലാലിനെതിരെ കേസെടുത്ത ശേഷം ഇയാളെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ പോലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ബിലാലിനു മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും പരിശോധനകള്‍ ആവശ്യമാണെന്നും കാട്ടി പ്രതിഭാഗം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ബിലാലിനെ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ പ്രതിയായ ബിലാലിനെതിരെയുള്ള നിര്‍ണായക തെളിവുകളായ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ തനിക്കു വേണമെന്നു ആവശ്യപ്പെട്ടു പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.വിവേക് മാത്യു വര്‍ക്കി അപേക്ഷ സമര്‍പ്പിച്ചു.
ഇതനുസരിച്ചു കോടതി സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിനു നല്‍കണമെന്നു കോടതി വാക്കാല്‍ നിര്‍ദേശിച്ചു. ആകെ നാലു സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളാണു പ്രതിയായ മുഹമ്മദ് ബിലാലിനെതിരെയുള്ള തെളിവായി കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നത്. ഈ നാലു ക്യാമറാ ദൃശ്യങ്ങളും വീഡിയോ രേഖപ്പെടുത്തിയ ഡിവിആറില്‍ നിന്നും പെന്‍്രൈഡവ് ഉപയോഗിച്ചു കോപ്പി ചെയ്ത് എടുക്കുകയായിരുന്നുവെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ഇത്തരത്തില്‍ കോപ്പി ചെയ്ത് എടുത്ത ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈന്റിഫിക് ലാബിലേയ്ക്കു കോടതിയുടെ അനുമതിയോടെ തന്നെയാണ് അയച്ചതെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്.
എന്നാല്‍, ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന യഥാര്‍ഥ ഡിവിആറില്‍ നിന്നും ഇതു നഷ്ടമായതായും അതുകൊണ്ടു തന്നെ പ്രതിഭാഗത്തിന് ഈ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ ഈ തെളിവുകള്‍ ഇല്ലാതെ കോടതിയില്‍ പ്രതിക്കു കുറ്റപത്രം നല്‍കാനാവില്ലെന്നു പ്രതിഭാഗം നിലപാട് എടുത്തു. ഈ നിലപാടിനെ കോടതിയും ഭാഗീകമായി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ കേസിന്റെ തുടര്‍ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കം പ്രതിസന്ധിയിലായി.