തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുന്നു. റിപ്പോര്‍ട്ട് ചെയ്ത 10,606 കൊവിഡ് കേസുകളില്‍ 9542 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 741 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇപ്പോഴുള്ള കോവിഡ് വേവ് , സ്പൈക്ക് ആകാതെ സൂക്ഷിയ്ക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ചെറിയ സമയത്തിനുളളില്‍ ഒരുപാട് പേര്‍ക്ക് രോഗം ബാധിക്കുന്നതിനെയാണ് സ്പൈക്കെന്ന് പറയുന്നത്. നീണ്ട സമയത്തിനുളളില്‍ കുറച്ച് പേര്‍ക്ക് രോഗം വരുന്നതാണ് വേവ്. സംസ്ഥാനത്ത് ഇപ്പോള്‍ വേവാണുളളത്. സ്പൈക്ക് വന്നാല്‍ ചെറിയ സമയത്തിനുളളില്‍ കൂട്ടത്തോടെ കൊവിഡ് രോഗികളുണ്ടാകും. അതിനുളള സൗകര്യം സംസ്ഥാനത്ത് ഉണ്ടായെന്ന് വരില്ല. ആളുകള്‍ക്ക് സമ്മര്‍ദ്ദം കൂടിയാല്‍ നെട്ടോട്ടം തന്നെയുണ്ടാകും. വേവ് വലിയ പ്രശ്നമില്ല. കിടക്കകള്‍ ആവശ്യം പോലെ നമുക്കുണ്ടാകും. സ്പൈക്കുണ്ടാകാന്‍ പാടില്ല. അത്തരമൊരു അവസ്ഥ വന്നാല്‍ എല്ലാവരും നിസ്സഹായരാകും. നമ്മള്‍ ഇപ്പോള്‍ വേവിലാണ്.
എന്തായാലും കൊവിഡ് വരും വലിയ പ്രശ്നമൊന്നുമില്ല എന്ന രീതിയിലാണ് പലരും ഇപ്പോള്‍ നടക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാകണം. ജനങ്ങളെ പറഞ്ഞ് മനസിലാക്കണം. വന്നുപോട്ടെയെന്നുളളത് വളരെ അപകടം പിടിച്ച നയമാണ്. എത്രത്തോളം വരാതിരിക്കാം, എത്രത്തോളം വരുന്നത് നീട്ടി കൊണ്ടുപോകാം അതാണ് വേണ്ടത്.