കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദും(36) റബിന്‍സും ദുബായില്‍ അറസ്റ്റില്‍. യുഎഇ പോലീസാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കി.
കള്ളക്കടത്തിന്റെ മുഖ്യആസൂത്രകര്‍ മുഹമ്മദ് ഷാഫിയും റമീസുമെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. കേസില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്കു തെളിവില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് തെളിവുള്ളതായി പരിഗണിക്കുന്നതിനു പരിമിതിയുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു. എഫ്ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ക്കു തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്നും കേസ് ഡയറിയില്‍ ഇതു വ്യക്തമായി മാര്‍ക്ക് ചെയ്തു നല്‍കണമെന്നും കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കേസ് ഡയറി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടത്. കേസില്‍ 30 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.