ദില്ലി: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഗൗതം ബുദ്ധ നഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കൂട്ടമായി പോയതിനെ തുടര്‍ന്ന് പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് ഇവരെ കൂടാതെ 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
അതേസമയം ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പൊലീസ് എഡിജിപി പ്രശാന്ത് കുമാറിന്റെ വാദത്തിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെത്തി. തെളിവ് നശിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതിനിടയില്‍ പൊലീസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിന്‍വലിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഒക്ടോബര്‍ 12 ന് ഹാജരാകാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു.