തിരുവനന്തപുരം: പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഗര്‍ഭിണി മാറ്റം ചോദിച്ചെന്ന് ആരോഗ്യമന്ത്രി. പ്രാഥമിക അന്വേഷണത്തില്‍ ഇങ്ങിനെയാണ് വിവരം ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. യുവതിക്കു ചികിത്സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായില്ലെന്നും കോഴിക്കോട് കോട്ടപ്പറമ്പ് ഗവ. ആശുപത്രിയിലേക്ക് ബന്ധുക്കളുടെ താല്‍പര്യ പ്രകാരമാണ് റഫര്‍ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 21 ജീവനക്കാരില്‍ നിന്ന് സംഘം മൊഴിയെടുത്തു. കോട്ടപ്പറമ്പ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുന്ന സമയത്ത് യുവതിക്കു പ്രസവ ലക്ഷണം ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
കൊവിഡിനെ നേരിടുകയാണ് നമ്മള്‍ എല്ലാവരും. കൊവിഡ് രോഗബാധിതര്‍ ആശുപത്രികളില്‍ വലിയ തോതില്‍ എത്തുന്നു. ആരോഗ്യവകുപ്പ് കഠിനാധ്വാനം ചെയ്ത് മഹാമാരിയെ നേരിടുകയാണ്. നിരവധി പേര്‍ രോഗം ഭേദമായി പോയി. അതിനിടയില്‍ അംഗീകരിക്കാനാവാത്ത സംഭവങ്ങള്‍ ഉണ്ടായി. ഇത്തരം സംഭവങ്ങളിലൂടെ ഇതേവരെ ചെയ്ത മുഴുവന്‍ സ്നേഹഫലവും ഇല്ലാതാവുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിയായ യുവതിയെ മടക്കിയെന്നും പിന്നീട് കോഴിക്കോട് എത്തുമ്പോഴേക്കും അവശയായി ഇരട്ടക്കുട്ടികള്‍ മരിച്ചതും ദൗര്‍ഭാഗ്യകരമാണ്.
അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഡിഎംഒ സക്കീന തന്നെ വിളിച്ചിരുന്നു. ഉടനെ തന്നെ യുവതിയുടെ ഭര്‍ത്താവിനെ ഞാന്‍ വിളിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാനാവശ്യപ്പെട്ടു. പിന്നീട് മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടിനെ വിളിച്ചു. ഐഎംസിഎച്ചിലെ സൂപ്രണ്ടിനെയും വിളിച്ചു. അവര്‍ അവിടെ എത്തിയ ഉടനെ തന്നെ സിസേറിയന്‍ ചെയ്തു. എന്നാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് പറഞ്ഞത്. പ്രാഥമികമായി വിവരം ചോദിച്ചു.
യുവതി 5-09-2020 ന് പോസിറ്റീവായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. 15 ന് ഡിസ്ചാര്‍ജായി. 26 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഗൈനക്കോളജി വിഭാഗത്തില്‍ ഹാജരായി. പ്രസവം തുടങ്ങാനുള്ള ലക്ഷണം ഒന്നും കണ്ടില്ലെന്ന് പരിചരിച്ച ഡോക്ടര്‍ പറയുന്നു. ഈ സഹോദരി നേരത്തെയും നടുവേദനയായി മഞ്ചേരിയില്‍ വന്നിരുന്നു. വേദന ഭേദമായപ്പോള്‍ 19 ന് തിരികെ വീട്ടിലേക്ക് പോയെന്നാണ് പറഞ്ഞത്. ഇത്തവണ ഡ്യൂട്ടി ഡോക്ടര്‍ നോക്കി, ഗൈനക് എച്ച്‌ഒഡിയെ വിളിച്ചു. അഡ്മിറ്റ് ചെയ്യണം എന്നാണ് നിര്‍ദ്ദേശിച്ചതെന്ന് ഡോക്ടര്‍ ജേക്കബ് പറയുന്നു.
അഡ്മിറ്റ് ചെയ്ത ശേഷം പെണ്‍കുട്ടി അവരുടെ പരിചയത്തിലുള്ള മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വിളിച്ച് അവിടെ നിന്ന് കോട്ടപ്പടിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായതിനാല്‍ കോട്ടപ്പറമ്ബിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം. അതനുസരിച്ച് കോട്ടപ്പറമ്ബിലേക്ക് റഫര്‍ ചെയ്തുവെന്ന് പറയുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് റിക്വസ്റ്റ് എന്നെഴുതരുതെന്ന് പറഞ്ഞതിനാല്‍ എഴുതിയില്ല എന്ന് പറയുന്നു.വിശദാംശങ്ങള്‍ അന്വേഷിക്കും.
കോട്ടപ്പറമ്ബില്‍ പോയപ്പോള്‍ ട്വിന്‍സായതിനാല്‍ അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചുവെന്ന് പറഞ്ഞതായാണ് കിട്ടിയ വിവരം. ഒപി ഡിസ്ചാര്‍ജ് ഷീറ്റും അവിടെയുണ്ട്. നിര്‍ഭാഗ്യവശാല്‍ അവര്‍ ഓമശേരി പോയി, കോഴിക്കോടെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. രണ്ടിടത്തും ആന്റിജന്‍ ടെസ്റ്റ് പോര, ആര്‍ടി പിസിആര്‍ ടെസ്റ്റ് വേണം എന്ന് പറഞ്ഞുവെന്ന് പറയുന്നു. റിസള്‍ട്ട് വൈകുമെന്ന് പറഞ്ഞപ്പോ ഉടനെ തന്നെ ആ യുവാവ് ഡിഎംഒയെ വിളിച്ചു. അപ്പോഴാണ് സക്കീന എന്നെ വിളിച്ചത്. ഉടനെ തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു.
നടുവേദനയുള്ള കുട്ടി അത്രയും യാത്ര ചെയ്ത സമയത്ത് നല്ല ക്ഷീണിതയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ ചെയ്തു. കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണമാണ് നടത്തിയത്. വിശദമായ അന്വേഷണം നടത്തും. ഇവരെ കോഴിക്കോട് നിന്ന് മാറ്റാന്‍ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കില്‍ നടപടിയെടുക്കും. ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ആവര്‍ത്തിക്കരുതെന്ന് എല്ലാ ആശുപത്രികളോടും അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങിനെയൊരു സംഭവവും പ്രതിഷേധവും വിമര്‍ശനങ്ങളും ഉണ്ടായപ്പോള്‍ എട്ട് മാസക്കാലമായി അക്ഷീണം പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ മനപ്രയാസം ഉണ്ടായിട്ടുണ്ട്. എന്തായാലും അവരോട് നല്ലോണം ശ്രദ്ധിക്കാന്‍ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ പോയ ഒരാളുടെ കഴുത്തിലെ വ്രണത്തില്‍ നിന്ന് പുഴുക്കള്‍ വരുന്നതായാണ് വിവരം കിട്ടിയത്. ഇത് ഗൗരവമേറിയ വിഷയം. ഡിസ്ചാര്‍ജ് സമയത്ത് വിശദമായി പരിശോധിക്കേണ്ടതാണ്. അലംഭാവം കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കും.
ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്തും മുറിവ് ക്ലീന്‍ ചെയ്തിരുന്നുവെന്നും പുഴുക്കള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്നുമാണ് അവിടെ നിന്ന് ലഭിച്ച പ്രാഥമിക വിവരം. വിശദമായി തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. സഹോദരന് വിദഗ്ദ്ധ ചികിത്സ നടത്തി ഇപ്പോഴത്തെ സ്ഥിതി മാറ്റിയെടുക്കും. ഇത് പ്രതീക്ഷിക്കാത്ത സംഭവമായിപ്പോയി. ഇങ്ങനെ അലംഭാവം കാണിക്കുന്നവരെ സര്‍വീസില്‍ നിര്‍ത്താനാവില്ല. ഒരു മാപ്പും അതിന് നല്‍കാനാവില്ല. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
പ്രയാസം എല്ലാവര്‍ക്കും പറയാം. കൊവിഡ് ബ്രിഗേഡിലേക്ക് ആളുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ജോലി ചെയ്യാന്‍ സന്നദ്ധരായി വരുന്നില്ല. ഡോക്ടര്‍മാരും നഴ്സുമാരും എല്ലാവരും ഓവര്‍ ഡ്യൂട്ടി എടുക്കുകയാണ്. എങ്കിലും ശ്രദ്ധക്കുറവ് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ശക്തമായ നടപടി സ്വീകരിക്കും. അനുഭവ പാഠങ്ങളാണ് ഇതൊക്കെ. എല്ലാവരും ഇങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണം. ജനം കൂടെയുണ്ട്, അവര്‍ മികച്ച പിന്തുണ നല്‍കുന്നുണ്ട്.