പത്തനംതിട്ട :ചിറ്റാറില്‍ നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയ രണ്ടു യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കൊടുത്തത് മുട്ടന്‍പണി. പമ്പ ,സന്നിധാനം വഴി തേക്കടിക്ക് പോകാന്‍ ബൈക്കില്‍ ചെന്ന യുവാക്കള്‍ മരക്കൂട്ടം വരെ തടസമൊന്നുമില്ലാതെ എത്തി. ഇവിടെ നിന്ന് വനപാലകര്‍ പിടികൂടി വനത്തില്‍ അതിക്രമിച്ച് കടന്നതിന് കേസ് എടുത്ത് ജാമ്യത്തില്‍ വിട്ടു.
ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസം ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗീസ്(23) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. ബൈക്കില്‍ ഘടിപ്പിച്ച ഫോണില്‍ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തായിരുന്നു യാത്ര. ചിറ്റാറില്‍ നിന്ന് പ്ലാച്ചേരി വഴി പമ്ബയില്‍ എത്തി. ഗണപതി കോവില്‍ കടന്ന് മുന്നോട്ട് ചെന്നപ്പോള്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇത്തരമൊരു അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ബൈക്കില്‍ വന്ന യുവാക്കള്‍ നേരെ വിട്ടു പോയി കഴിഞ്ഞാണ് വനപാലകരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം ഇവര്‍ സന്നിധാനത്തുള്ള വനപാലകര്‍ക്കും പൊലീസിനും കൈമാറി. കോണ്‍ക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പന്‍ റോഡിലൂടെ ചീറിപ്പാഞ്ഞു മരക്കൂട്ടത്ത് എത്തിയ യുവാക്കളെ കാത്ത് വനപാലകര്‍ ട്രാക്ടറില്‍ നില്‍പ്പുണ്ടായിരുന്നു.
ഇവിടെ വച്ച് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്ത് തേക്കടി പോകാന്‍ ഇറങ്ങിയതാണ് തങ്ങളെന്ന് വിശദീകരിച്ചത്. വനമേഖലയിലൂടെ ട്രക്കിങ് പാത തേക്കടിയിലേക്ക് ഉണ്ട്. വഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് ചൂണ്ടിക്കാണിച്ചത് അതായിരുന്നുവെന്നാണ് വിശദീകരണം. എന്തായാലും യുവാക്കള്‍ക്കെതിരേ വനത്തില്‍ അതിക്രമിച്ച് കടന്നതിന് കേസ് എടുത്തു.