കൊച്ചി: അന്തരിച്ച വിഖ്യാത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം തന്റെ സ്വരമാധുരിയ്ക്കപ്പുറം വിനയാന്വിതമായ പെരുമാറ്റം കൊണ്ടും ജനഹൃദയങ്ങള്‍ കീഴടക്കിയ അനുഗ്രഹീത കലാകാരനാണ്.അഞ്ചുവര്‍ഷം മുമ്പ് അദ്ദേഹം ശബരിമല സന്ദര്‍ശിയ്ക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്.
വര്‍ദ്ധിച്ച ശരീരഭാരം നിമിത്തം മല നടന്നുകയറാന്‍ ബുദ്ധിമുട്ടുണ്ടായതിനാല്‍ ഡോളിയിലാണ് എസ്.പി.ബി സന്നിദ്ധാനത്തേക്ക് കയറിയത്. എന്നാല്‍ ഡോളിയില്‍ ഏറും മുമ്പ് തന്നെ ചുമക്കാന്‍ തയ്യാറായ ഡോളി തൊഴിലാളികളെ നമസ്‌കരിയ്ക്കുന്ന എസ്.പി.ബിയെയാണ് ദൃശ്യങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്.
തൊഴിലാളികളെ സ്വയം നമസ്‌കരിയ്ക്കുന്നതിനൊപ്പം ഒപ്പം മലചവിട്ടാനെത്തിയ സഹോദരനെ നമസ്‌കരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.അമ്പരന്നുപോയ തൊഴിലാളികള്‍ മഹാഗായകനെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും കാണാം.തിരുവനിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായാണ് എസ്.പി.ബി അയ്യപ്പ സന്നിധിയിലെത്തിയത്.
40000 ലധികം വരുന്ന ഗാനങ്ങളില്‍ നൂറിലധികം അയ്യപ്പ ഭക്തി ഗാനങ്ങളും എസ്.പി.ബി പാടിയിട്ടുണ്ട്.തികഞ്ഞ അയ്യപ്പ ഭക്തനായ എസ്.പി.ബി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ രോഗമുക്തിയ്ക്കായി പ്രത്യേക പൂജകളും സംഗീതാര്‍ച്ചനയും സന്നിധാനത്ത് നടന്നിരുന്നു.