രാജ്യത്തെ ഒമ്പത് കോടി ജനങ്ങളുടെ ഫോണ്‍ നമ്പറുകള്‍ സ്വകാര്യ വെബ്‌സൈറ്റില്‍ വല്‍പ്പനയ്ക്ക്! ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: രാജ്യത്തെ ഒമ്പത് കോടി ജനങ്ങളുടെ ഫോണ്‍ നമ്പറുകള്‍ വില്‍പനയ്ക്ക്. ടെലിമാര്‍ക്കറ്റിംഗ് ഫോണ്‍ കോളുകള്‍ നിരസിച്ച നമ്പറുകളാണ് ഡാര്‍ക്ക് വെബിലെ സ്വകാര്യ വെബ്‌സൈറ്റില്‍ വില്‍പനക്ക് വച്ചിട്ടുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ ഡിഎന്‍ഡിയില്‍ (ഡു നോട്ട് ഡിസ്റ്റര്‍ബ്) രജിസ്റ്റര്‍ ചെയ്ത 9 കോടി ഫോണ്‍ നമ്പറുകളാണ് സ്വകാര്യ വെബ്‌സൈറ്റില്‍ വില്‍പനക്കായി വച്ചിട്ടുള്ളത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ടെലി മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് മാത്രമേ സ്വകാര്യ വ്യക്തികളുടെ നമ്പറുകള്‍ ലഭിക്കുകയുള്ളു.
ഡിഎന്‍ഡി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളെ ടെലി മാര്‍ക്കറ്റിംഗിനായി വിളിക്കരുതെന്നും കമ്പനികള്‍ക്ക് ട്രായുടെ നിര്‍ദേശമുണ്ട്. എന്നാല്‍, നിലവിലുള്ള ഡിഎന്‍ഡി ഉപഭോക്താക്കള്‍ക്ക് വ്യാപകമായി ടെലി മാര്‍ക്കറ്റിംഗ് കോളുകള്‍ വരുന്നതായാണ് പരാതി. ഇന്ത്യയിലെ 9 കോടി ഡിഎന്‍ഡി നമ്പറുകള്‍ സ്വകാര്യ വെബ് സൈറ്റില്‍ നിയമ വിരുദ്ധമായി വില്‍പനയ്ക്ക് എത്തിയതാണ് പരാതിക്ക് കാരണം. കൊച്ചിയിലെ സ്വകാര്യ ഐടി കമ്പനിയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്.