പാകിസ്താനിൽ ഒമ്പത് ബസ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി;മരണസംഖ്യ കൂടിയേക്കും

ലാഹോര്‍: പാകിസ്താനില്‍ ആയുധധാരികളായ സംഘം ബസ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലാണ് സംഭവം. ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ആയുധധാരികളായ സംഘം രണ്ട് ബസ്സുകള്‍ തടഞ്ഞുനിര്‍ത്തുകയും യാത്രക്കാരെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പിന്നാലെ തൊട്ടടുത്തുള്ള മലനിരകളിലേക്ക് ഇവരെ കൊണ്ടുപോയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടനിലയില്‍ ബസ്‌യാത്രക്കാരെ കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. വെടിയേറ്റനിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവര്‍ മുമ്പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

ബലൂചിസ്താന്‍ പ്രവിശ്യയിൽ ഈ വർഷം മാർച്ചിൽ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി 450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയിരുന്നു. ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടയ്ക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം. അതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News