തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രണ്ട് ദിവസം നടത്തിയ സമരത്തെ തുടര്‍ന്ന കെഎസ്ആര്‍ടിസിക്കുണ്ടായത് ഭീമമായ നഷ്ടം. 9.4 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായത്.
സമരത്തിന്റെ രണ്ടാം ദിവസവും യാത്രക്കാര്‍ വലഞ്ഞു. ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. എറണാകുളത്ത് സമരം പൂര്‍ണമായിരിന്നു. തിരുവനന്തപുരത്ത് നാലിലൊന്ന് ബസുകള്‍ മാത്രമാണ് ഇന്നലെ സര്‍വീസ് നടത്തിയത്. പാലക്കാട് നിന്നും ഒരു സര്‍വീസും നടത്തിയില്ല. കോഴിക്കോട്ട് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്. സിഐടിയു ഉള്‍പ്പടെ ഒരു സംഘടനയിലെയും ജീവനക്കാര്‍ ജോലിക്കെത്തിയില്ല.
സമരത്തില്‍ പങ്കെടുക്കാത്ത ജോലിക്കെത്തുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പ്രധാനറൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്‍കിയിരിന്നു. ഈ ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി സര്‍വീസ് നടത്താനാണ് ശ്രമം.
അതേസമയം, സമരത്തില്‍ പങ്കെടുത്ത് ജോലിക്കെത്താതിരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി ഡയസ്നോണ്‍ ബാധകമാകുമെന്ന് എംഡി അറിയിച്ചു. സര്‍ക്കാര്‍ ഡയസ്നോണ്‍ നടപ്പാക്കിയാല്‍ തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്ടമാകും. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌ക്കരണ ചര്‍ച്ചകള്‍ തുടരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച ആരംഭിക്കും. കൊവിഡ്കാല പ്രതിസന്ധിയും ഇന്ധന വിലയും മറികടക്കാൻ ടിക്കറ്റ് വിലവർധന വേണമെന്ന് ബസുടമകൾ അറിയിച്ചു. വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.