ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകൽ വയോധികയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്ന് പരാതി. ഡൽഹി തിലക് നഗറിൽ താമസിക്കുന്ന 87-കാരിയാണ് ബലാത്സംഗത്തിനിരയായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മകളോടൊപ്പമാണ് വയോധിക തിലക് നഗറിലെ വീട്ടിൽ താമസിച്ചിരുന്നത്. ഉച്ചയ്ക്ക് മകൾ പുറത്തുപോയ സമയത്താണ് ക്രൂരത നടന്നത്. അജ്ഞാതനായ ഒരാൾ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്തെന്നുമാണ് വയോധികയുടെ കുടുംബം പറയുന്നത്. 1.30-ഓടെ ഇയാൾ വീട്ടിൽനിന്ന് കടന്നുകളഞ്ഞതായും ഇവർ പറയുന്നു.
പുറത്തുപോയ മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ചോരയൊലിച്ച് കിടക്കുന്നനിലയിലാണ് 87-കാരിയെ കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്.
അതേസമയം, വീട്ടിൽനിന്ന് മൊബൈൽഫോൺ മോഷണം പോയെന്ന് പറഞ്ഞാണ് മകൾ ആദ്യം പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകൾ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറിൽ കൂട്ടിച്ചേർത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വയോധികയ്ക്ക് കൗൺസിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നൽകുമെന്നും പോലീസ് അറിയിച്ചു.