ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ഖനി വ്യവസായിയുടെ സ്വത്ത് വിവരം പുറത്ത്. വിവാദ ഖനി വ്യവസായി ഗാലി ജനാർദ്ദന റെഡ്ഡിയുടെ ഭാര്യ ലക്ഷ്മി അരുണയാണ് ഞെട്ടിക്കുന്ന സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 84 കിലോ വജ്രങ്ങൾ 437 കിലോ വെള്ളി, മറ്റ് സ്വർണാഭരണങ്ങൾ എന്നിവയുടെ കണക്കുകളാണ് നാമ നിർദ്ദേശ പത്രികക്ക് ഒപ്പം സമർപ്പിച്ചത്. 250 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തൽ.
ബല്ലാരി സിറ്റിയിൽ നിന്നാണ് ലക്ഷ്മിഅരുണ മത്സരിക്കുന്നത്. കല്യാണ രാജ്യ പ്രഗതിപക്ഷയുടെ സ്ഥാനാർത്ഥിയായാണ് ലക്ഷ്മി അരുണ മത്സരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ലക്ഷ്മി അരുണ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഭർത്താവ് ജനാർദ്ദന റെഡ്ഡിയും മത്സരിക്കുന്നുണ്ട്. വടക്കൻ കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതി മണ്ഡലത്തിൽ നിന്നാണ് ജനാർദ്ദന റെഡ്ഡി മത്സരിക്കുന്നത്.
ലക്ഷ്മിഅരുണ സമർപ്പിച്ച പത്രിക പ്രകാരം കൂടുതൽ സ്വർണവും വജ്രവും ജനാർദ്ദന റെഡ്ഡിയുടെ പേരിലാണെന്നാണ് റിപ്പോർട്ട്. . 46 കിലോ വജ്രവും സ്വർണവും ജനാർദ്ദന റെഡ്ഡിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരിലുള്ളത് 38 കിലോയുടെ ആഭരണമാണ്. ഹോസ്പിറ്റാലിറ്റി, ട്രാവൽ, മൈനിംഗ്, ഏവിയേഷൻ, കെമിക്കൽ മേഖലകളിലായി ഒരു ഡസനോളം കമ്പനികളിലായി 79 കോടിയുടെ നിക്ഷേപമാണ് ലക്ഷ്മിഅരുണയ്ക്കുള്ളത്.
ജനാർദ്ദന റെഡ്ഡിക്ക് 21 കോടിയുടെ നിക്ഷേപമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കർണാടകയിലും ആന്ധ്രപ്രദേശിലുമായി 93 കാർഷിക ഇടങ്ങളാണ് ലക്ഷ്മി അരുണയ്ക്കുള്ളത്. എൽഐസി പെൻഷൻ, പലിശ, വാടക, എന്നിവയൊക്കെയാണ് ലക്ഷ്മി അരുണ വരുമാന സ്രോതസ്സായി കാണിച്ചിരിക്കുന്നത്.