തിരുവനന്തപുരം: കള്ളവോട്ട് ഇല്ലെന്നു പറയുമ്പോഴും നിരവധി ബൂത്തുകളിൽ ഒരേ ആളിന്റെ വോട്ടുകൾ. ഇതിന്റെ പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ സാങ്കേതിക പോരായ്മ മാത്രമല്ല മനപ്പൂര്‍വ്വം ചേർത്തതായും സംശയങ്ങളുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു വോട്ടറുടെ പേരും ഫോട്ടോയും ഉപയോഗിച്ചു വിവിധ ബൂത്തുകളിലായി 8 വോട്ടുകള്‍ ചേര്‍ത്തതിന്റെ തെളിവാണ് പുറത്തു വന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ 22, 25, 30, 130 ബൂത്തുകളിലായാണു വോട്ടര്‍ കാര്‍ഡ്. എല്ലാ കാര്‍ഡുകളുടെയും തിരിച്ചറിയല്‍ നമ്പരും സീരിയല്‍ നമ്പരും വ്യത്യസ്തമാണ്. വേണമെങ്കിൽ ഇവർക്ക് എട്ട് ബൂത്തില്‍ വോട്ട് ചെയ്യാം.
സാന്ദ്ര എസ്.പെരേര എന്ന പേരും ചിത്രവും ഉപയോഗിച്ചാണു വ്യാജ വോട്ടര്‍ കാര്‍ഡുകള്‍. വോട്ടര്‍ അറിയാതെ ആസൂത്രിതമായാണു ക്രമക്കേടു നടത്തിയിരിക്കുന്നതെന്ന സംശയവും ഉണ്ട്. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു വോട്ടറുണ്ടോ എന്നറിയണമെങ്കില്‍ വിശദമായ അന്വേഷണം വേണ്ടി വരും.കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണത്തില്‍ ഇപ്പോള്‍ സിപിഎമ്മും കടന്നാക്രമണം നടത്തുകയാണ്. നാലര ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള രണ്ട് വോട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം.
കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എസ്.എസ്. ലാല്‍, എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദ് എന്നിവര്‍ക്കും ഇരട്ടവോട്ടുകള്‍ ഉള്ളതായി സിപിഎം. കണ്ടെത്തി. ഇതോടെ ഇരുമുന്നണികളും ആരോപണ പ്രത്യാരോപണങ്ങൾ നടത്തി. ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണെന്ന് ഇടതുമുന്നണി നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക പിഴവുകളാണ് ഇരട്ടവോട്ടിന് പ്രധാന കാരണമെന്നും രാജ്യത്ത് ഇത്തരത്തില്‍ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിശദീകരിച്ചിരുന്നു.