കോഴിക്കോട്: മറവി രോഗം (അല്‍ഷിമേഴ്‌സ്) ബാധിച്ച വയോധിക വഴിതെറ്റി കാട്ടില്‍ കുടുങ്ങിയത് ഒരാഴ്ച. ഭക്ഷണവും വെള്ളവുമില്ലാതെ ഏഴ് ദിവസം കാട്ടില്‍ കഴിഞ്ഞ 78കാരിയെ ഒടുവില്‍ കണ്ടെത്തിയത് കൊടും കാട്ടില്‍ പാറക്കെട്ടിനു താഴെ തളര്‍ന്നിരിക്കുന്ന നിലയില്‍. കോടഞ്ചേരി തെയ്യപ്പാറയില്‍ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെയാണ് ഒരാഴ്ചത്തെ തിരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്.
അവശ നിലയിലായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.25ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ഏലിയാമ്മയെ കാണാതായത്. തൊട്ടടുത്ത വീട്ടിലെത്തിയ ഏലിയാമ്മയെ അയല്‍വാസികള്‍ തിരികെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാണെന്നു കരുതുന്നു.
കാണാതായ ദിവസം മുതല്‍ മക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നു തിരച്ചില്‍ നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡുകളും തിരച്ചിലിനെത്തിയെങ്കിലും വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള റോഡ് വരെ മാത്രമാണു പൊലീസ് നായ്ക്കള്‍ മണം പിടിച്ചു ചെന്നത്.
പിന്നീട് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസ് പ്രദേശം അരിച്ചുപെറുക്കി. തേവര്‍ മലയിലെ രണ്ട് റബര്‍ തോട്ടങ്ങള്‍ക്കിടയിലെ കാടുമൂടിയ സ്ഥലത്തെ പാറക്കൂട്ടത്തിന് താഴെ ചാഞ്ഞിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. കാലുതെറ്റി വീണതാകാം എന്നാണ് നിഗമനം.