തിരുവനന്തപുരം: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ കോളടിച്ചത് ബിഎസ്എന്‍എല്ലിനാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏകദേശം 70,000പേരാണ് നിലവില്‍ ഉപയോഗിച്ചിരുന്ന സര്‍വീസ് പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയത്. ഈ കണക്ക് ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ അവസരം മുതലാക്കി വന്‍ മാറ്റത്തിനാണ് ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നത്.
22 ശതമാനം വരെയാണ് ജിയോ, എയര്‍ടെല്‍, വി ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സാധാരണക്കാര്‍ക്ക് ഒരു മാസത്തേക്ക് മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗിന് വേണ്ടി മാറ്റിവയ്‌ക്കേണ്ട തുകയും ഉയര്‍ന്നു. രണ്ട് സിം കാര്‍ഡ് ഉപയോഗിച്ചിരുന്നതില്‍ നല്ലൊരു വിഭാഗവും തങ്ങളുടെ സെക്കന്‍ഡ് സിം ബിഎസ്എന്‍എല്ലിലേക്ക് മാറ്റാന്‍ താത്പര്യപ്പെടുന്നു. ജൂണ്‍ മാസത്തില്‍ 34,637 പേരാണ് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. ജൂലായ് മാസത്തിലെ പകുതി പിന്നിട്ടപ്പോള്‍ 35,000 പേര്‍ കൂടി പോര്‍ട്ട് ചെയ്തു. അതായത് ഒന്നരമാസം കൊണ്ട് 69,637 പേര്‍.
എല്ലായിടത്തും കോള്‍ വിളിക്കാന്‍ നെറ്റ്‌വര്‍ക്കിന് തടസ്സമില്ലെന്നതാണ് ബിഎസ്എന്‍എല്ലിന്റെ സവിശേഷത. എന്നാല്‍ ഇന്റര്‍നെറ്റിന് വേഗതയില്ലെന്നതാണ് പ്രധാന വെല്ലുവിളിയും പോരായ്മയും. അതുകൊണ്ട് തന്നെ നല്ലൊരു വിഭാഗം ആളുകളും ഒന്നാം സിം ആയി മറ്റ് ടെലികോം കമ്പനികളെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും ഇപ്പോഴും 3ജി സര്‍വീസ് ആണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇതിന് ഒരു മാറ്റം കൊണ്ടുവന്നാല്‍ കൂടുതല്‍ ആളുകള്‍ പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് കമ്പനി തിരിച്ചറിയുന്നു.
2024 ഡിസംബറിനകം ഒരു ലക്ഷം ടവറുകളാണ് ഇന്ത്യയില്‍ കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. 4ജി നല്‍കുന്ന ടവര്‍ ഉപയോഗിച്ചു തന്നെ 5ജിയിലേക്ക് മാറാം എന്നതുകൊണ്ട് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലെന്ന പരാതികള്‍ മറികടക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതോടെ കമ്പനിക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും. അതിനോടൊപ്പം ടാറ്റ ഗ്രൂപ്പ് കമ്പനിയുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതോടെ വലിയ മാറ്റം തന്നെയുണ്ടാകുമെന്നും ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നു.