ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. ജനിതക മാറ്റം വന്ന യുകെ കൊവിഡ് വൈറസ് ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസമായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചയായി 18 ജില്ലകള്‍ കൊവിഡ് മുക്തമാണ്. കഴിഞ്ഞ 21 ദിവസമായി ആറു ജില്ലകളിലും കഴിഞ്ഞ 28 ദിവസമായി 21 ജില്ലകളിലും ഒരാള്‍ക്ക് പോലും കൊവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജ്യത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,73,740 ആണ്. 24 മണിക്കൂറിനുള്ളില്‍ 14,301 പേര്‍ രോഗമുക്തരായി. പുതിയതായി 123 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,53,847 ആയി. ഇതുവരെ 1,07,01,193 പേരാണ് രാജ്യത്താകെ കൊവിഡ് പോസിറ്റീവ് ആയത്. രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,73,606 ആയി.
രാജ്യത്ത് ഈ മാസം 16 മുതല്‍ ബുധനാഴ്ച വരെ 23,55,979 പേര്‍ കൊവിഡ് പ്രതിരോധകുത്തിവയ്‌പ്പെടുത്തു. ഇതുവരെ 19,43,38,773 സാമ്പിളുകള്‍ പരിശോധിച്ചത്. ബുധനാഴ്ച മാത്രം 7,25,653 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.