കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരിയെ കാണാതായി; വ്യാപക തിരച്ചില്‍, തിരികെ കിട്ടിയെന്ന വാര്‍ത്ത വ്യാജം
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരിയെ കാണാതായി. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചിലാരംഭിച്ചു.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന നിഗമനവും പോലീസ് തള്ളിക്കളയുന്നില്ല. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചുവരികയാണ്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.
അതേസമയം, സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം കുട്ടിയുടെ ചിത്രം പങ്കുവെച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തില്‍ ചില വ്യാജ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളും ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.