റാഞ്ചി: ജാർഖണ്ഡില്‍ ഐ.ടി ജീവനക്കാരിയായ 26-കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വെസ്റ്റ് സിങ്ഭും ജില്ലയിലെ ചായ്ബാസയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴ് പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രമുഖ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി തന്റെ സുഹൃത്തിനോടൊപ്പം ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്നു. ഒരു സംഘം ആളുകള്‍ ഇവരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ആക്രമിക്കപ്പെട്ടതിനുശേഷം തിരികെ നടക്കുമ്പോള്‍ പെണ്‍കുട്ടി പോലീസ് വാഹനത്തിന് മുന്‍പില്‍ പെടുകയും നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലിസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ വ്യക്തമാക്കി. പ്രതികളില്‍ നിന്ന് യുവതിയുടെ പേഴ്‌സ്, ആധാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും 4500 രൂപയും വീണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു. യുവതിയുടെ മൊഴിയുമായി പൊരുത്തപ്പെടുന്ന പ്രതികളുടെ വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.