പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ സി.ഡി.എസ് ചെയർപേഴ്സൺ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം തുടങ്ങി വിവിധ പദ്ധതികളിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കൂടുതൽ തട്ടിപ്പ് നടന്നെന്ന സംശയത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്.
സിഡിഎസ് ചെയർപേഴ്സൺ പി.കെ. സുജ, അക്കൗണ്ടന്റ് എ. ഷീനമോൾ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം, ജനകീയ ഹോട്ടൽ തുടങ്ങി കുടുംബശ്രീയുടെ എല്ലാ പദ്ധതികളിലും പ്രതികൾ തട്ടിപ്പ് നടത്തി. 2018 മുതൽ 2023 വരെയുള്ള രേഖകളാണ് കുടുംബശ്രീ ഓഡിറ്റ് വിഭാഗം പരിശോധിച്ചത്. 69 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി. ആയിരം രൂപയ്ക്കു മുകളിൽ ഉള്ള ഇടപാടുകൾക്ക് ചെക്ക് നിർബന്ധമെന്നിനിരിക്കെ പണമല്ലാം സ്വന്ത അക്കൗണ്ട് വഴി തോന്നുംപോലെ പ്രതികൾ ചെലവിട്ടു.
നിലവിൽ അറസ്റ്റിലായവർക്ക് പുറമേ കേസിൽ പ്രതിയാക്കപ്പെട്ട വിഇഒ ബിൻസിയുടെ പങ്കു ബോധ്യപ്പെട്ടാൽ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രതികൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന സംശയത്തിൽ പഞ്ചായത്തിലെ 2013 മുതലുള്ള രേഖകൾ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയ നേതൃത്വത്തിന് തട്ടിപ്പിൽ പങ്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.