കൊച്ചി: പൊലീസ് ഏർപ്പെടുത്തിയ നിർദ്ദേശങ്ങളുടെ പേരിൽ ഫ്ലാറ്റ് അസ്സോസിയേഷൻ സദാചാര പൊലീസിംഗ് നടത്തുന്നതായി പരാതി. കൊച്ചി കാക്കനാട്ടെ ഒലിവ് കോർഡ് യാർഡ് ഫ്ലാറ്റ് അസോസിയേഷനെതിരെയാണ് വാടകയ്ക്ക് താമസിക്കുന്ന 64 കുടുംബങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സുരക്ഷയുടെ പേരിൽ പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയന്ത്രണങ്ങളെന്നാണ് അസ്സോസിയേഷന്‍റെ മറുപടി.
ഭാര്യ ഭർത്താക്കന്മാർക്ക് പോലും വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലേക്ക് കയറണമെങ്കിൽ ദിവസവും തിരിച്ചറിയൽ രേഖ കാണിക്കേണ്ട അവസ്ഥയാണെന്നാണ് ഫ്ലാറ്റിൽ കഴിഞ്ഞ 2 വർഷമായി താമസിക്കുന്ന കുടുംബം പറയുന്നത്. വിവാഹ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മാത്രമേ അകത്തേക്ക് കയറ്റിവിടുകയുള്ളുവെന്ന അവസ്ഥയുണ്ടെന്നും പരാതിയുന്നയിച്ചവർ പറയുന്നു.
താമസക്കാരുടെ എതിർലിംഗത്തിൽ പെട്ട ആര് വന്നാലും പ്രവേശനമില്ല. മകൻ ഈ ഫ്ലാറ്റിൽ താമസിക്കുന്നുണ്ടെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും അച്ഛനമ്മാരെ പോലും ഫ്ലാറ്റ് സെക്യൂരിറ്റി പുറത്ത് നിർത്തിയ സ്ഥിതിയുണ്ടായെന്നും പരാതിക്കാർ പറയുന്നു.
ഇൻഫോപാർക്കിൽ നിന്ന് ഏറ്റവും അടുത്തുള്ള ഫ്ലാറ്റാണ് ഒലിവ് കോർഡ് യാർഡ്. 5 ടവറുകളിലായി 500 അധികം ഫ്ലാറ്റുകളുണ്ട്. പല ഷിഫ്റ്റുകളിലായി ഐടി ജോലി കഴിഞ്ഞ് എത്തുന്നവർ ക്ഷമയോടെ മറുപടി പറഞ്ഞാലെ ഫ്ലാറ്റ് സമുച്ചത്തിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് സ്ഥിതി.
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ക്രിമിനൽ കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ താമസക്കാരുടെ പേര് വിവരങ്ങൾ സൂക്ഷിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിന്‍റെ മറപിടിച്ച് വ്യക്തി സ്വാതന്ത്രത്തിലുള്ള അനാവശ്യ കടന്നുകയറ്റമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളടക്കം 64 പേർ പൊലീസിൽ പരാതി നൽകിയത്.