തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേര്‍ക്കും തൃശൂരിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം കൊവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്ടേഴ്സ് ഉള്‍പ്പെടെ 17 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റല്‍, ഇ. എന്‍.ടി വിഭാഗങ്ങള്‍ താല്‍കാലികമായി അടച്ചു.
അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരുകയാണെങ്കിലും ബസ് സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും സര്‍വീസുകള്‍ സുഗമമായി നടക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.