ദേശവിരുദ്ധ വാര്‍ത്തകള്‍; രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹ മാധ്യമ അക്കൗണ്ടുകള്‍

തൃശൂര്‍: രാജ്യത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകള്‍. യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലാണിവ. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്. റദ്ദാക്കിയതില്‍ 55 എണ്ണം യുട്യൂബ് ചാനലുകളാണ്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും രണ്ടുവീതവും ഫേസ്ബുക്കില്‍ ഒരെണ്ണവുമാണ്.

റദ്ദാക്കപ്പെട്ട യുട്യൂബ് ചാനലുകള്‍ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തവയാണെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ നിലവില്‍വന്ന ഐ.ടി. ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. ഇത്രയും അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടുന്നത് ചട്ടം നിലവില്‍വന്നശേഷം ആദ്യമായാണ്. ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെക്കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി വന്നത്.

വൈറല്‍ ന്യൂസ് എന്ന പേരില്‍ പ്രചരിക്കുന്നവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.വാര്‍ത്താവിതരണമന്ത്രാലയം സ്വമേധയാ എടുത്ത കേസുകളും ദേശീയ അന്വേഷണ ഏജന്‍സികളായ ഐ.ബി., റോ, സൈന്യ വിഭാഗങ്ങള്‍ എന്നിവ കൈമാറിയ കേസുകളുമുണ്ട്. ഐ.ടി. ചട്ടപ്രകാരം ഓരോ മാസവും 15-ന് പരാതികളെ സംബന്ധിച്ചുള്ള വിവരങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൊടുക്കണം. അങ്ങനെ കിട്ടിയ റിപ്പോര്‍ട്ടും റദ്ദാക്കല്‍നടപടികള്‍ക്ക് ഉപയോഗപ്പെടുത്തി.

അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളിലെ ദേശവിരുദ്ധത കണ്ടെത്താന്‍ പ്രസ് കൗണ്‍സില്‍ പോലുള്ള സംവിധാനമുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഇത്തരമൊന്ന് ഇല്ലാത്തതിന് ഐ.ടി. ചട്ടം പരിഹാരമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News