അശ്രദ്ധമായി കാറിന്റെ ഡോര്‍ തുറന്നു; തട്ടിയത് ബൈക്കില്‍, നഷ്ടപ്പെട്ടത് ആറു വയസുകാരിയുടെ ജീവന്‍

പാലക്കാട്: അശ്രദ്ധമായി തുറന്ന കാറിന്റെ വാതിലില്‍ തട്ടി ബൈക്ക് മറിഞ്ഞ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. തേങ്കുറിശ്ശി തുപ്പാരക്കളം എ. സതീഷിന്റെ മകള്‍ അജ്മയയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെ പാലക്കാട് പാലാട്ട് ജങ്ഷനിലായിരുന്നു അപകടം നടന്നത്. സതീഷും ഭാര്യ നിമിഷയും അജ്മയയും സഹോദരി അന്‍സികയുമാണ് ബൈക്കില്‍ സഞ്ചരിച്ചത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു അപകടം നടന്നത്. യാത്രയ്ക്കിടെ റോഡരികില്‍ നിര്‍ത്തിയ കാറിന്റെ വാതില്‍ പെട്ടെന്ന് തുറക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വാതിലില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തെറിച്ച്, തലയിടിച്ച് വീണ അജ്മയയെ ജില്ലാ ആശുപത്രിയിലും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ കാറോടിച്ച, കോയമ്പത്തൂരിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ ഹരിയാന ഗരഗ്പുര്‍ സ്വദേശി ജസ്വീറിന്റെ (35) പേരില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു. അപകടത്തില്‍, പരിക്കേറ്റ സതീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിമിഷയ്ക്കും അന്‍സികയ്ക്കും നിസ്സാര പരിക്കുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News