KeralaNews

സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളിലായി 6 മരണം

കൊച്ചി: സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി 6 മരണം. പത്തനംതിട്ടയിലും പാലക്കാടും ഈരാറ്റുപേട്ടയിലുമായാണ് 6 പേർ മരിച്ചത്.അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. തിരുവനന്തപുരം മടവൂർ കളരി ശ്രീ ഭദ്രകാളി ക്ഷേത്ര മേൽശാന്തി വലംപിരിപിള്ളി മഠത്തിൽ രാജശേഖരഭട്ടതിരി (65), ഭാര്യ ശോഭ (63), മകൻ നിഖിൽ (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

രാജശേഖരഭട്ടതിരിയും ശോഭയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് നിഖിൽ മരിച്ചത്. മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

രണ്ടാമത്തെ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് മൻസിൽ, അനസ്സ് (26) മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25) , പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട്‌ കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ട് പേർ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരാണ്  മരിച്ചത്. മണ്ണാ‍ർക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാ‍ർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ പൊലീസ് സ്റ്റേഷന്റെ മതിലും തകർത്തു.

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ഗ്യാസ് മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. മേലുകാവ് സ്വദേശി  റിന്‍സ് സെബാസ്റ്റ്യനാണ് (40) മരിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക്  ഗ്യാസ് സിലിണ്ടറുമായി പോയ ലോറി തൊടുപുഴയില്‍ നിന്നും എരുമേലിയിലേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു.

വാഹനമോടിച്ചിരുന്ന റിൻസ്  ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങി പോയി. അപകടത്തിനു പിന്നാലെ റിൻസിനെ പുറത്തിറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് റിൻസിനെ പുറത്തെടുത്തത്. അപ്പോഴേക്കും അപകടം സംഭവിച്ച് അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു. 

ലോറിയില്‍ നിന്നും പുറത്തെടുത്തപ്പോഴേക്കും റിൻസിന്റെ മരണം സംഭവിച്ചിരുന്നു. മഴയിൽ നനഞ്ഞു കിടന്ന റോഡില്‍ തെന്നിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് വടക്കന്‍ചേരിയില്‍ നിന്നുമുള്ള കെഎസ്ആര്‍ടിസി ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് കണ്ടക്ടര്‍ മംഗലംഡാം സ്വദേശി ബിജു സ്‌കറിയയ്ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button