29.5 C
Kottayam
Wednesday, May 1, 2024

54 ഒമിക്രോൺ കേസുകൾ കൂടി, 10 സമ്പർക്കം വഴി, ആകെ 645 കേസുകൾ,പ്രതിദിന കൊവിഡ് രോഗികൾ അരലക്ഷവും ടിപിആർ 50%-വും കടന്നേക്കും,അതീവ ജാഗ്രതയില്‍ കേരളം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 434 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 24 പേരാണുള്ളത്. 

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ശതമാനത്തിനും മേൽ പോകാനും സാധ്യതയേറി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അടക്കം ആശുപത്രികൾ പലതും രോ​ഗികളാൽ നിറഞ്ഞത് ചികിത്സയിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. 

കുതിച്ചുയരുന്ന രോ​ഗ വ്യാപനം. രോ​ഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്നു. 30,000-വും കടന്ന് പ്രതിദിനരോഗബാധിതരുടെ എണ്ണം കുതിക്കുമ്പോൾ ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു, വരാനിരിക്കുന്നത് ഒമിക്രോൺ സാമൂഹിക വ്യാപനത്തിന്‍റെ പ്രതിഫലനം. അരലക്ഷവും കഴിഞ്ഞ് പ്രതിദിന രോ​ഗികളുടെ എണ്ണം കുതിക്കും. 

രോ​ഗികളുടെ എണ്ണം കൂടുന്നതിൽ അല്ല ആശങ്ക. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുന്നതാണ് പ്രതിസന്ധി. ഇപ്പോൾ തന്നെ കോഴിക്കോട് അടക്കം മെഡിക്കൽ കോളജ് ആശുപത്രി രോ​ഗികളാൽ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം കൂടുന്നുണ്ട്.  

കൊവിഡിനൊപ്പം മറ്റ് ചെറിയ ആരോ​ഗ്യപ്രശ്നങ്ങളും ഉള്ളവരെയെല്ലാം താഴേത്തട്ടിലുള്ള ആശുപത്രികൾ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. സി കാറ്റ​ഗറി അതായത് ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് നിർദേശം നൽകണമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃ‌തർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 192% ആണ് വർധന. ‌ആരോ​ഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടിയാണ് ഈ സംഖ്യ. തീർന്നില്ല…

ജനുവരി 12 മുതല്‍ 18 വരെയുള്ള കാലയളവില്‍, ശരാശരി 93,466 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 88,062 വര്‍ധന ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 211% വര്‍ധന ഉണ്ടായിട്ടുണ്ട്. 

തീവ്രപരിചരണം ആവശ്യമായി, ഐസിയുകളിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് ര‌ോ​ഗികളുടെ എണ്ണത്തിലെ വർധന 38% ആണ്. വെന്‍റിലേറ്റർ സഹായം വേണ്ട രോ​ഗികളുടെ എണ്ണത്തിൽ 9% വർധനയുണ്ട്. ഓക്‌സിജന്‍ കിടക്കകള്‍ വേണ്ടവരുടെ എണ്ണം 52 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ഈ കണക്കുകൾ അത്ര ശുഭ സൂചകമല്ല.

രോ​ഗ‌ വ്യാപനത്തിനൊപ്പം ​ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കൂടുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനത്തെ തീവ്രരോഗവ്യാപനം ബാധിച്ച് തുടങ്ങി. ഓക്സിജൻ സ്റ്റോക്കുണ്ടെങ്കിലും അത് എത്രത്തോളം കാര്യമായ കരുതൽ ശേഖരമാണെന്ന് ഈ ഘട്ടത്തിൽ പറയാനുമാകില്ല. ഐസിയുകളും വെന്‍റിലേറ്ററുകളും നിറയുന്ന ഘട്ടം വന്നാൽ തീവ്ര പരിചരണം പാളുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. 

ഒമിക്രോൺ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ രോ​ഗികൾ ആശുപത്രികളിലെത്തുമെന്നുറപ്പ്. താഴേത്തട്ടിലുള്ള ആശുപത്രികളിലെ കൊവിഡ് ചികിത്സയും രണ്ടാം തരം​ഗത്തിന്‍റെ തുടക്കത്തിൽ ഉണ്ടായിരുന്നത് പോലെ സിഎഫ്എൽടിസികളും വ്യാപകമാകമാക്കിയില്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും. നിലവിൽ കൊവിഡിതര ചികിത്സകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week