ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ പാരിതോഷികം നല്‍കും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. ‘ഗോള്‍ഡന്‍ അവര്‍’ എന്നു വിളിക്കുന്ന ഈ നിര്‍ണായക മണിക്കൂറില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരനാണ്’ പാരിതോഷികം.
5000 രൂപ പാരിതോഷികത്തിനൊപ്പം പ്രശംസാപത്രവും നല്‍കും. ഒക്ടോബര്‍ 15നാണ് പദ്ധതി നിലവില്‍വരുന്നത്. ഇത് 2026 മാര്‍ച്ച് 31 വരെ തുടരും. എന്നാല്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിനു പരിഗണിക്കില്ല.
പ്രധാന ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരിക, ചുരുങ്ങിയത് മൂന്നുദിവസം ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതരപരിക്ക് എന്നിവ ഉള്‍പ്പെടുന്ന അപകടങ്ങളാണ് മാരക അപകടങ്ങള്‍ എന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലത്തുനിന്ന് ഒരു ഒരാള്‍ ഒന്നിലധികം പേരെ മരണത്തില്‍ നിന്ന് രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം.
വലിയ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കില്‍ 5000 രൂപ എല്ലാവര്‍ക്കുമായി നല്‍കും. ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒന്നിലേറെപ്പേരെ രക്ഷിച്ചാല്‍ രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കി പാരിതോഷികം നല്‍കും. ഒരുവര്‍ഷം ഇത്തരത്തില്‍ പാരിതോഷികവും പ്രശംസാപത്രവും ലഭിച്ചവരില്‍ നിന്ന് പത്തുപേരെ ദേശീയതലത്തില്‍ തിരഞ്ഞെടുത്ത് ഒരുലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരം നല്‍കും.
അപകടവിവരം പൊലീസിനെ ആദ്യം അറിയിക്കുന്ന വ്യക്തിക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി പോലീസ് രസീത് നല്‍കണം. പരിക്കേറ്റയാളെ നല്ല ശമരിയാക്കാരാന്‍ നേരിട്ടാണ് ആശുപത്രിയിലെത്തിച്ചതെങ്കില്‍ ആശുപത്രിയധികൃതര്‍ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. സംഭവം നടന്ന സ്ഥലം, തീയതി, ആശുപത്രിയില്‍ എത്തിച്ചയാളുടെ ഇടപെടല്‍, അദ്ദേഹത്തിന്റെ മേല്‍വിലാസം, ഫോണ്‍ നമ്ബര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പോലീസ് രസീത് നല്‍കുകയും വേണം.
പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധിച്ച് തീരുമാനമെടുക്കുക. ജില്ലാതല സമിതി ഓരോ മാസവും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പാരിതോഷികം നല്‍കുന്ന കാര്യത്തില്‍ ജില്ലാതല സമിതിയുടെ ശുപാര്‍ശ സംസ്ഥാന ഗതാഗത കമ്മിഷണര്‍ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.