തൊടുപുഴ: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം. ഇടിമിന്നലിനെ തുടർന്ന് ഇവർക്ക് പൊള്ളലേൽക്കുകയായിരുന്നു. ഇടുക്കിയിലെ കുറത്തിക്കുടിയിൽ ആണ് സംഭവം. കുറത്തിക്കുടി ട്രൈബൽ സെറ്റിൽമെന്റിലെ വേലായുധൻ, ഭാര്യ ജാനു, മകൻ ബിജു, പേരക്കുട്ടികളായ നന്ദന,ഷൈജു എന്നിവർക്കാണ് പൊള്ളലേറ്റത്.
ശക്തമായ മഴയും ഇടിയും ഉണ്ടായിരുന്നു. ഇടിയുംമിന്നലും വന്നതോടെ ഇവർ ഓടി വീട്ടിനകത്ത് കയറി. എന്നാൽ വീട്ടിനുള്ളിൽ വെച്ച് ഇവർക്ക് മിന്നലേൽക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് അഞ്ചുപേരേയും പൊള്ളലേറ്റ നിലയിൽ കണ്ടത്. വേലായുധനും ജാനുവും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെ കരിഞ്ഞ നിലയിലായിരുന്നു. ഇരുവർക്കും ഗുരുതരമായി പൊള്ളൽ ഏറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ടയിലുംആലപ്പുഴയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടുകഴിഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുകയും ചെയ്യും.