ചെന്നൈ: ഓക്‌സിജന്‍ ക്ഷാമത്തില്‍ രാജ്യം കണ്ണീര്‍ വാര്‍ക്കുന്നു. തമിഴ്‌നാട്ടില്‍ നാല് കോവിഡ് രോഗികള്‍ കൂടി പ്രാണവായു കിട്ടാതെ മരിച്ചതാണ് പുതിയ വാര്‍ത്ത. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 13 കോവിഡ് രോഗികള്‍ മരിച്ചിരുന്നു. നാല്‍പ്പതിനും എണ്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണു മരിച്ചത്.
ഇതിനിടെ കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 കോവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഏകംഗ കമ്മീഷനായി കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ബി.എ. പാട്ടീലിനെ സര്‍ക്കാര്‍ നിയമിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ തീരുമാനം.
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ഡല്‍ഹി ഉള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. നൂറിലധികം പേരാണ് ഇതിനോടകം ഓക്‌സിജന്‍ കിട്ടാതെ രാജ്യത്ത് മരിച്ചത്.