തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ നാല് മന്ത്രിമാര്‍ക്ക് കുരുക്ക്. ഇവരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികള്‍ കസ്റ്റംസിന് നല്‍കിയ മൊഴികളിലുണ്ട്.
ഉന്നതരുടെ ഇടപാടുകളെക്കുറിച്ചു പരാമര്‍ശം വന്നതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഡല്‍ഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനയിലാണ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാര്‍ ഡല്‍ഹിയില്‍ പോയി കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തി. ഇന്നു മടങ്ങിയെത്തും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്‌പെഷല്‍ ഡയറക്ടര്‍ പ്രശാന്ത്കുമാര്‍ ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലെത്തി 2 ദിവസം അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങി.
സ്വപ്നയുടെ ഫോണില്‍ നിന്നു സിഡാകിന്റെ സഹായത്തോടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് സുപ്രധാനവിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുവരും പറഞ്ഞ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നത്. സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യരേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.
മന്ത്രിമാരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ട്. ഫലത്തില്‍ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരില്‍നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നാണ് സൂചന.